തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് എന്ന പേരിൽ ഡാറ്റാ സ്പ്രിംക്ലര്‍ കമ്പനിക്ക് കൈമാറാനുള്ള കരാറിൽ മുഖ്യമന്ത്രിയുടെ കള്ളം പുറത്തുവരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കള്ളം പുറത്തായതിന്‍റെ ജാള്യതയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോഴുള്ളത്. അതിന്‍റെ പ്രതികരണമാണ് ഇപ്പോൾ പിണറായി വിജയനിൽ നിന്ന് പുറത്ത് വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും പറഞ്ഞ കാര്യങ്ങളിൽ ദുരൂഹത തുടരുന്നു. അസാധാരണമായ സാഹചര്യത്തിലെ അസാധാരണമായ കൊള്ളയാണിത്. എന്നിട്ടും തെളിവ് കൊണ്ടു വാ എന്നാണ് പറയുന്നത്. കൊവിഡ് കാലത്ത് 25 ദിവസമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്. ഒരു ദിവസം പോലും ഡാറ്റാ കൈമാറ്റത്തെ കുറിച്ചോ സ്പ്രിംക്ലറുമായുള്ള കരാറിനെ കുറിച്ചോ മുഖ്യമന്ത്രി പറയാത്തത് കള്ളം മറച്ചുവക്കാനുള്ളത് കൊണ്ടാണ്. സ്പ്രിംക്ലര്‍ കരാറിനെ കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തി പുറത്ത് പറയും വരെ ഒരാൾക്കും ഒന്നുമറിയില്ലായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു. 

സ്പ്രിംക്ലര്‍ കമ്പനിയുമായി അമേരിക്കൻ സന്ദർശനത്തിടെ മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. 2 വർഷമായി ഈ കമ്പനിയുമായി ചർച്ച നടത്തി യിട്ടുണ്ടെന്നാണ് ഐടി സെക്രട്ടറി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് പ്രവാസിയുടെ സൗജന്യ സേവനം കൊവിഡ് കാലത്ത് സ്വീകരിച്ചു എന്നാണ്. രണ്ടിലും വൈരുദ്ധ്യമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു, 

ജനങ്ങളോട് അനുമതി വാങ്ങിയിട്ടില്ല വ്യക്തിഗത വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറിയത്. മന്ത്രിസഭ അറിയുകയോ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിക്കുകയോ ചെയ്തില്ല. രാജസ്ഥാനിൽ വിവരം ശേഖരിക്കുന്നത് അമേരിക്കൻ കമ്പനിയാണെന്ന് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ഉന്നയിക്കുന്ന വാദം തെറ്റാണെന്ന്  നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു, 

സ്പ്രിംക്ലർ കമ്പനിയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടണം. ആദ്യമായാണ് ഒരു വകപ്പിനെതിരായ ആരോപണങ്ങൾക്ക് വകുപ്പ് സെക്രട്ടറി ഓടിനടന്ന് മറുപടി നൽകുന്നത്. മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നത് അംഗീകരിക്കാനികില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.