തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്കളർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. ഇനി വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകി. 

അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗഌറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

എന്നാൽ ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്പനിയാണെന്നും സ്പ്രിങ്ക്ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ വാർത്താ സമ്മേളനത്തിനിടെ നൽകിയ വിശദീകരണം. എന്നാൽ എന്തടസ്ഥാനത്തിലാണ് ഈ കമ്പനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല. പുതിയ ഉത്തരവിന് അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.