Asianet News MalayalamAsianet News Malayalam

പട്ടിക തയ്യാറാക്കിയത് വിശദമായ ചർച്ചയ്ക്ക് ശേഷം; വേണുഗോപാൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏത് തരത്തിലുള്ള ചർച്ചയാണ് ആഗ്രഹിച്ചതെന്ന് അറിയില്ല. ഗ്രൂപ്പല്ല പാർട്ടിയാണ് വേണ്ടതെന്ന നിഗമനത്തിലാണ് കോൺ​ഗ്രസ് ഹൈക്കമാൻഡ്. കെ സി വേണുഗോപാൽ ഒരു അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

dcc president list was prepared after a detailed discussionsays kodikkunnil suresh
Author
Thiruvananthapuram, First Published Aug 31, 2021, 5:43 PM IST

തിരുവനന്തപുരം: എല്ലാവരുമായും ചർച്ച നടത്തിയിട്ടാണ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കിയതെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ്  കൊടിക്കുന്നിൽ സുരേഷ്.  വിശദമായ ചർച്ചയാണ് നടന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏത് തരത്തിലുള്ള ചർച്ചയാണ് ആഗ്രഹിച്ചതെന്ന് അറിയില്ല. ഗ്രൂപ്പല്ല പാർട്ടിയാണ് വേണ്ടതെന്ന നിഗമനത്തിലാണ് കോൺ​ഗ്രസ് ഹൈക്കമാൻഡ്. കെ സി വേണുഗോപാൽ ഒരു അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

അതേസമയം, ഡിസിസി പുന:സംഘടനയെ ചൊല്ലിയുള്ള വിവാദത്തിൽ ഇനി പരസ്യപ്രസ്താവനക്കില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും പറയുന്നത്. ഉമ്മൻചാണ്ടി നൽകിയ പേരുകളടങ്ങിയ ഡയറി ഉയർത്തിക്കാണിച്ചത് തൻറെ വിശ്വാസ്യത ഉറപ്പാക്കാനാണെന്ന് കെ സുധാകരൻ വിശദീകരിച്ചു. പാർട്ടി പുറത്താക്കിയ പി എസ് പ്രശാന്ത്, കെസി വേണുഗോപാലിനെ കടന്നാക്രമിച്ചപ്പോൾ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവദാസൻ നായർ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി.

പരസ്യകലാപം ഉയർത്തിയ ഗ്രൂപ്പുകളെ ഹൈക്കമാൻ‍ഡ് പിന്തുണയോടെ അച്ചടക്കത്തിൻറെ വാളോങ്ങി വരിഞ്ഞുമുറുക്കി പരസ്യവിവാദത്തിൽ നിന്നൊഴിഞ്ഞ് മാറുകയാണ് സുധാകരനും സതീശനും. പട്ടികക്ക് അംഗീകാരം നൽകിയത് ഹൈക്കമാൻഡാണ്, പട്ടികക്കെതിരായ വിമർശനം പാർട്ടിക്കെതിരാണ് മുഖം നോക്കാതെ നടപടിയെന്ന സന്ദേശം താഴെതട്ടിലെ കലാപം ഒതുക്കുന്നിൽ ഗുണം ചെയ്തെന്നാണ് സംസ്ഥാന നേതൃത്വത്തിൻറെ വിലയിരുത്തൽ. എന്നാൽ അച്ചടക്കത്തിലും ഇരട്ടനീതിയുണ്ടെന്നാണ് എ-ഐ ഗ്രൂപ്പിൻറെ പരാതി.  എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കത്തെഴുതിയ പി എസ് പ്രശാന്തിനെ അതിവേഗം പുറത്താക്കി. മറ്റൊരു ഐഎസിസി ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടിയെ വിമർശിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ പരാതികൾ നൽകിയിട്ടും സംരക്ഷിക്കുകയാണ്. അച്ചടക്കനടപടിയിലും കെ സി വേണുഗോപാലിനോടാണ് ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും അതൃപ്തി മുഴുവനും. പാർട്ടി പുറത്താക്കിയ പി എസ് പ്രശാന്ത് കെ സി വേണഗോപാലിനും പാലോട് രവിക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചാണ് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്

അതേസമയം വിമർശനം സദുദ്ദേശപരമാണെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് ശിവദാസൻ നായർ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. കെഎസ്-വിഡി ചേരി വിട്ടുവീഴ്ചക്കില്ലെന്ന് പറയുമ്പോൾ പ്രശ്നപരിഹാരത്തിനായി ദില്ലിയിൽ നിന്ന് വിളി കാത്തിരിക്കുമ്പോഴും ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മുറിവുണങ്ങിയിട്ടുമില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

Follow Us:
Download App:
  • android
  • ios