Asianet News MalayalamAsianet News Malayalam

ബലാത്സംഗം ഉൾപ്പെടെ 6 ക്രിമിനൽ കേസിലെ പ്രതി; പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി

15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

dcp says should be revised disciplinary proceedings against PR Sunu
Author
First Published Nov 18, 2022, 12:33 PM IST

തിരുവനന്തപുരം: ബേപ്പൂർ കോസ്റ്റൻ ഇൻസ്പെക്ടർ പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സർക്കാർ പുനഃപരിശോധനയിൽ ഉദ്യോഗസ്ഥന്റെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പിരിച്ചു വിടൽ ഉൾപ്പെടെ സ്വീകരിക്കും. ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്ദോഗസ്ഥന്‍ ഉപ്പോഴും സര്‍വ്വീസില്‍ തുടരുന്നത് വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. അതേസമയം, തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ എസ്എച്ചഒ സിആർ സുനുവടക്കം പ്രതികളുടെ അറസ്റ്റിൽ അനിശ്ചിതത്വം തുടരുകയാണ്. യുവതിയുടെ ആരോപണങ്ങൾ ശരിവക്കുന്ന തെളിവുകൾ കണ്ടാത്താനായില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പിടിയിലാകാനുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.

തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കൊടുവിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ല. മെഡിക്കൽ പരിശോധന, സാഹചര്യ തെളിവ്, സാക്ഷി മൊഴികൾ ഇതൊന്നും പരാതിക്കാരിയുടെ മൊഴികളുമായി ചേർന്ന് പോകാത്തതാണ് പൊലീസിനെ വലക്കുന്നത്. എസ്എച്ച്ഒ പിആർ സുനുവടക്കം  പത്ത് പ്രതികൾ ഉണ്ടെന്ന് പറയുമ്പോഴും എല്ലാവരിലേക്കും എത്താനും കഴിഞ്ഞിട്ടില്ല. അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. യുവതിയുടെ വീട്ടിൽ ജോലിക്ക് നിന്ന വിജയ ലക്ഷ്മിയാണ്, വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവൻ, എസ്എച്ച്ഒ പി ആർ സുനു എന്നിവരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. 

ക്ഷേത്ര ജീവനക്കാരനായ അഭിലാഷ്, പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്ത് ശശി എന്നിവരാണ് കേസിലെ തിരിച്ചറിഞ്ഞ മറ്റ് പ്രതികൾ. എന്നാൽ ഇവരിലേക്ക് എത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. വിജയലക്ഷ്മിയുടെ ഒത്താശയോടെ രണ്ട് സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കൂട്ട ബലാൽസംഗം നടന്നെന്ന പരാതിയിൽ മെഡിക്കൽ പരിശോധനയിൽ തെളിവ് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios