പമ്പ: പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ പൂർണമായും നീക്കം ചെയ്തു.വീണ്ടുമൊരു പ്രളയമുണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് ദുരന്ത നിവാരണ വിഭാഗമാണ് മണൽ നീക്കാൻ നിർദേശം നൽകിയത്. 75000 ഘന മീറ്റർ മണലാണ് നീക്കം ചെയ്തത്.

2018ലെ മഹാപ്രളയത്തിന്റെ ശേഷിപ്പായിരുന്നു പന്പാ ത്രിവേണിയിൽ മുതൽ രണ്ടര കിലോമീറ്റർ നീളത്തിൽ അടിഞ്ഞുകൂടിയ മണൽ. മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ വെള്ളപ്പൊക്കം ആവർത്തിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം. അങ്ങനെ 1,2900 ഘന മീറ്റർ നീക്കം ചെയ്യാൻ സർക്കാർ അനുമതി നൽകി. 

മെയ് 20ന് നടപടി ക്രമങ്ങൾ തുടങ്ങി. പക്ഷെ തുടക്കം മുതൽ വിവാദം. വനമേഖല വിട്ട് മണൽ പുറത്തേക്ക് മാറ്റുന്നതിൽ വനം വകുപ്പിന്റെ എതിർപ്പ്. മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ്. വിവാദങ്ങൾക്കിടെ കരാർ ഏറ്റെടുത്ത കേരള ക്ലെയിസ് ആൻഡ് സെറാമിക്സ് പ്രൊഡക്റ്റ് ലിമിറ്റഡ് പദ്ധതിയിൽ നിന്ന് പിൻമാറി. തുടർന്ന് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ട് മണൽ നീക്കം.

മണൽ പൂർണമായും നീക്കം ചെയ്യാനെടുത്തത് 57 ദിവസം. എസ്‍ഡിആർഎഫ് ഫണ്ടിൽ നിന്ന് ഒന്നരകോടി രൂപ ചെലവഴിച്ചു.