കൊച്ചി: ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന എറണാകുളം വരിക്കോലി പള്ളിയിൽ യാക്കോബായ വിഭാഗത്തിൽ പെട്ടയാളുടെ മൃതശരീരം സെമിത്തേരിയുടെ പിൻഭാഗത്തുകൂടെ എത്തിച്ച് സംസ്‍കരിച്ചു. ഇന്നലെ അന്തരിച്ച പി സി പൗലോസ് എന്നയാളുടെ മൃതദേഹമാണ് സംസ്‍കരിച്ചത്. 

സമീപത്തെ യാക്കോബായ ചാപ്പലിൽ വച്ച് ശുശ്രൂഷകൾ നടത്തിയ ശേഷം സംസ്‍കാരത്തിന് സെമിത്തേരിയിലേക്ക് കൊണ്ടു പോകാൻ മൃതദേഹം പള്ളിക്ക് മുന്നിലെത്തിച്ചപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് ആമ്പുലൻസിൽ മൃതദേഹം പിൻഭാഗത്തു കൂടെ സെമിത്തേരിയിൽ എത്തിക്കുകയായിരുന്നു. ഓർത്തഡോക്സ് വിഭാഗം പള്ളി പൂട്ടിയിരിക്കുകയായിരുന്നു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്സ് വൈദികന്‍റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാതെ സെമിത്തേരിയില്‍ മൃതദേഹം അടക്കാന്‍ പാടില്ല. പൗലോസിന്‍റെ ശവസംസ്കാരത്തിന് ഓര്‍ത്തഡോക്സ് വൈദികന്‍റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സെമിത്തേരിയുടെ പിന്‍ഭാഗത്തുകൂടെ എത്തിച്ച് മൃതദേഹം സംസ്കരിച്ചത്.