സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരത്ത് വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: കോട്ടയം തീക്കോയി മാവടി കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയിൽ മാത്യു (62) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വച്ചാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മുണ്ടക്കയം കൊടുങ്ങയിലും, വല്യേന്തയിലും ശക്തമായ മഴ പെയ്തു. ഒന്നര മണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ ഇളംകാട്- വാഗമൺ റോഡിൽ വെള്ളം കയറി. ഇളംകാട് ടൗണിന് സമീപം വല്ല്യേന്ത തോട് കരകവിഞ്ഞാണ് റോഡിൽ വെള്ളം കയറിയത്. 

അതേസമയം സംസ്‌ഥാനത്ത്‌ പരക്കെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുലാവർഷത്തോട് ഒപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് മഴ കനക്കാൻ കാരണം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. 

യുവാവ് മുങ്ങി മരിച്ചു

തിരുവനന്തപുരത്ത് വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പനയമുട്ടം വി.വി.ഭവനിൽ വിപിൻ (30 ) ആണ് മരിച്ചത്. പാലോട് ചെല്ലഞ്ചി പാലത്തിന് അടുത്ത് സപ്തപുരം എന്ന സ്ഥലത്ത് ആണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.