കാര്യമായ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് ബുധനാഴ്ചയാണ് സ്വാതി മരിച്ചത്.

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് കരുനാഗപ്പളളി സ്വദേശിനിയായ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. ഗര്‍ഭാശയമുഴ നീക്കം ചെയ്യാനുളള ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് യുവതിയുടെ മരണകാരണമെന്ന് ആശുപത്രി വിശദീകരിക്കുന്നു.

കരുനാഗപ്പളളി സ്വദേശിനി സ്വാതി എന്ന ഇരുപത്തിയഞ്ചുകാരിയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വാതിക്ക് ഗര്‍ഭാശയ മുഴയുണ്ടെന്ന് കണ്ടെത്തിയതും ശസ്ത്രക്രിയയ്ക്കായി കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ജൂലൈ പതിനേഴിന് രാത്രി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായി കുടുംബം പറയുന്നു. കാര്യമായ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് ബുധനാഴ്ചയാണ് സ്വാതി മരിച്ചത്.

സ്വാതിയെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തീയറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷം രക്തപരിശോധനാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതില്‍ കുടുംബം സംശയം ഉന്നയിക്കുന്നു. ഗുരുതര ഹൃദയാഘാതം ഉണ്ടായിട്ടും പരുമലയിലേക്ക് ചികില്‍സയ്ക്ക് കൊണ്ടുപോകാന്‍ കാലതാമസമുണ്ടായിട്ടുണ്ടെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ സ്വാതിക്ക് ഹൃദ്രോഗ പശ്ചാത്തലം ഉണ്ടെന്നും ചികില്‍സാപിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വിശദീകരണം. ഈ വിശദീകരണം കുടുംബം തളളുകയാണ്. വിശദമായ ഹൃദയപരിശോധന നടത്തിയ ശേഷമാണ് സ്വാതിക്ക് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.അഞ്ചു മാസം മുമ്പ് മാത്രമായിരുന്നു സ്വാതിയുടെ വിവാഹം. ഭര്‍ത്താവ് പ്രവീണിന്‍റെ പരാതിയില്‍ കായംകുളം പൊലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming