Asianet News MalayalamAsianet News Malayalam

സിഇടിയിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുടെ മരണം: ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം

പോസ്റ്റുമോര്‍ട്ടം നടപടി പൂ‍ർത്തിയാക്കി രതീഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ്.

death of engineering student is suicide, indicates postmortem
Author
Sreekariyam, First Published Nov 10, 2019, 5:18 PM IST

തിരുവനന്തപുരം: ശ്രീകാര്യം സിഇടിയിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി രതീഷിന്റെ മരണം ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. രതീഷിന്റെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. രതീഷ് മരിച്ചിട്ട് 48 മണിക്കൂറുകൾ കഴിഞ്ഞിരുന്നെന്നാണ് പോസ്റ്റുമോർട്ടത്തിൽ നിന്ന് ലഭിക്കുന്ന സൂചന. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ പൂ‍ർത്തിയാക്കി രതീഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു.

രണ്ട് ദിവസം മുൻപ് കാണാതായ രതീഷിനെ കോളേജിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാത്രിയാണ് കണ്ടെത്തിയത്.  ശ്രീകാര്യം സിഇടിയിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ രതീഷിനെ വെള്ളിയാഴ്ച വൈകിട്ട് പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങിയ ശേഷമാണ് കാണാതായത്.

Read More: കാണാതായ സിഇടി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ; കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ

കോളേജിനും ചുറ്റുവട്ടത്തും വിദ്യാർത്ഥികളുടെയും പൊലീസിന്‍റെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രി കോളേജിലെ സുരക്ഷാജീവനക്കാരാണ് ശുചിമുറിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 

Read More: സിഇടി വിദ്യാർത്ഥിയുടെ മരണം; ഭർത്താവിനെ സംശയമെന്ന് വളർത്തമ്മ; അന്വേഷണം വേണമെന്ന് പ്രിൻസിപ്പാൾ

രതീഷിന് കഞ്ചാവ് മാഫിയയിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണം. നെയ്യാറ്റിൻകരയിലെ കഞ്ചാവ് മാഫിയക്കെതിരെ രതീഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ തന്റെ ഭർത്താവിന്റെ നേതൃത്വത്തിൽ കഞ്ചാവ് മാഫിയ രതീഷിനെ നിരന്തരം ഭീഷണിപെടുത്തിയിരുന്നുവെന്ന് വളർത്തമ്മ ഗിരിജയും ആരോപണം ഉയ‌ർത്തി.

Read More: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മരണം; എസ്‍സി എസ്‍ടി കമ്മീഷന്‍ കേസെടുത്തു

കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് അലംഭാവം കാണിച്ചെന്ന പരാതി വിദ്യാർത്ഥികളുടെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുണ്ട്. രതീഷിന്റെ മൊബൈൽ നെറ്റ് വർക്ക് പരിശോധിച്ചപ്പോൾ കോളേജിനുളളിൽ തന്നെയെന്ന് തെളിഞ്ഞിട്ടും കാര്യമായ പരിശോധന ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഈ വിഷയത്തിലടക്കം വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസ് ഇപ്പോൾ അറിയിക്കുന്നത്.

Follow Us:
Download App:
  • android
  • ios