കോഴിക്കോട് ഉള്ള്യേരിയിലെ ഗർഭസ്ഥശിശുവിന്റെയും അമ്മയുടെയും മരണം; ആരോഗ്യമന്ത്രിക്ക് പരാതി നൽകി കുടുംബം
മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റും അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ യുവതിയുടെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധം അവസാനിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർനടപടി എന്ന് പൊലീസ് അറിയിച്ചു. മാത്രമല്ല, മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റും അറിയിച്ചു. നരഹത്യക്ക് കേസ് എടുക്കാമെന്ന് പൊലീസ് അറിയിച്ചെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകി. അശ്വതിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം കഴിഞ മൃതദേഹവുമായാണ് നാട്ടുകാർ അത്തോളി മലബാർ മെഡിക്കൽ കോളേജിന് മുന്നിലെത്തിയത്. അശ്വതിയുടെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കാനായിരുന്നു നീക്കം. റോഡിൽ ബസ് കുറുകെയിട്ട് പോലീസ് ആംബുലൻസും പ്രതിഷേധക്കാരെയും തടഞ്ഞു. പോലീസുമായി വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായി.
ആശുപത്രിക്കെതിരെ നരഹത്യക്ക് കേസ് എടുക്കണം, വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടി എടുക്കണം എന്നായിരുന്നു ആവശ്യം. പിറകെ പ്രതിഷേധക്കാർ കോഴിക്കോട് - പേരാമ്പ്ര റോഡ് തടഞ്ഞു. ബന്ധുക്കളും സമരക്കാരും ഹോസ്പിറ്റൽ മാനേജ്‍മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിച്ചത്. നടപടി ഇല്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.