പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് സൂചന. തെറ്റായ ആരോപണമെന്നാണ് എതിർപക്ഷം ഉന്നയിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയെക്കെതിരെ തുറന്നടിച്ച് നേരത്തെ രംഗത്തെത്തിയ ആളാണ് തോമസ് കെ തോമസ് എഎൽഎ.
തിരുവനന്തപുരം : തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്ന പരാതിയുമായി എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. വധശ്രമത്തിന് ഡിജിപിക്ക് പരാതി നൽകി. എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് കെ തോമസിന്റെ പരാതിയിലുള്ളത്. തന്റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ച് വാഹനം അപകടത്തിൽപെടുത്താൻ ശ്രമിച്ചതെന്നും പരാതിയിലുണ്ട്. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎയുടെ ആരോപണം.
എന്നാൽ വധശ്രമമെന്നത് തെറ്റായ ആരോപണം മാത്രമെന്നാണ് എൻസിപിയിലെ തോമസ് കെ തോമസിന്റെ എതിർപക്ഷം പ്രതികരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയ്ക്കെതിരെ നേരത്തെ പരസ്യമായി രംഗത്തെത്തിയ എംഎൽഎയാണ് തോമസ് കെ തോമസ്. ഇതോടെയാണ് എൻസിപിയിൽ ചേരിത്തിരിവും പരസ്പരപോരും ആരംഭിച്ചത്. മന്ത്രി ശശീന്ദ്രനും പിസി ചാക്കോയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ചും നേരത്തെ തോമസ് കെ തോമസ് എംഎൽഎ രംഗത്തെത്തിയിരുന്നു.
