കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്.

തൃശ്ശൂര്‍: സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തു. പെരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചർച്ചയ്ക്കിടെ പ്രിന്റു പറഞ്ഞത്.

പ്രിന്റു മഹാദേവിനെതിരെ കോൺഗ്രസ് പ്രതിഷേധം

അതേസമയം, രാഹുൽ ഗാന്ധിയെ വധിക്കുമെന്ന ബിജെപി വക്താവിൻ്റെ ഭീഷണി ദേശീയ തലത്തിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനമായി ഉയര്‍ത്തുകയാണ് കോൺഗ്രസ്. പ്രിന്റു മഹാദേവിനെതിരെ നടപടിയാവശ്യപ്പെട്ട് കെ സി വേണുഗോപാൽ അമിത് ഷാക്ക് കത്തയച്ചിരുന്നു പ്രത്യയശാസ്ത്ര യുദ്ധത്തിൽ പരാജയപ്പെടുന്നുവെന്ന് തോന്നിയപ്പോഴാണ് വധഭീഷണിയെന്ന് കോൺഗ്രസ് വക്‌താവ് പവൻ ഖേര വിമര്‍ശിക്കുന്നു. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കായുള്ള ശബ്‌ദത്തെ അടിച്ചമർത്താൻ ഗൂഢാലോചനയെന്നും പവൻഖേര ആരോപിക്കുന്നു. പ്രിന്‍റു മഹാദേവ് പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പങ്കെടുക്കരുതെന്ന് കെപിസിസി മാധ്യമ വിഭാഗം നിര്‍ദേശം നല്‍കുകയും ചെത്തിട്ടുണ്ട്. അതിനിടെ, പ്രിന്റു മഹാദേവിന്‍റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രിമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.