കാസർകോട്: കാ‌ഞ്ഞങ്ങാട് പാണത്തൂർ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം ആറായി. 5 മൃതദേഹങ്ങൾ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ഉള്ളത്. കർണ്ണാടക സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പത്തിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. 

രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദർശ് (14), ശശി എന്നിവരാണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ശശി മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 33 പേരെ ഇതുവരെ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള 11 പേരെ മംഗലാപുരത്തെ ആശുപത്രികളിലേക്കും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

 

വാഹനത്തിൽ 56 പേരുണ്ടായിരുന്നുവെന്നാണ് നിലവിൽ ലഭ്യമായ വിവരം. കർണാകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനായി വന്നവരാണ് അപകടത്തിൽ പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ അപകടം നടന്നയുടൻ തന്നെ ഓടിയെത്തുകയും പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രയിലെത്തിക്കുകയും ചെയ്തു.

ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാസർ‍കോട് ജില്ലാ കളക്ടർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.