രഖിലിന്‍റെ മൃതദേഹം രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സംസ്കാരം രാവിലെ പിണറായിയിലെ ശമ്ശനാത്തില്‍ നടക്കും.  

കണ്ണൂര്‍: കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയാണ്. രാത്രിയെത്തുന്ന മൃതദേഹം കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. രഖിലിന്‍റെ മൃതദേഹം രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സംസ്കാരം രാവിലെ പിണറായിയിലെ ശമ്ശനാത്തില്‍ നടക്കും. 

മാനസയുടെ കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ പോയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി എട്ടുദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്. മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര. 

കൊല നടത്താൻ രഖിൽ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എംഎം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.