Asianet News MalayalamAsianet News Malayalam

രാമനാട്ടുകര അപകടം; മരിച്ച യുവാക്കള്‍ സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന

ഇന്ന് പുലർച്ചെ 4.45 നുണ്ടായ അപകടത്തില്‍  കരിപ്പൂരില്‍ നിന്ന് മടങ്ങുകയായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കളാണ് മരിച്ചത്. 
 

deceased youth were part of gold smuggling case
Author
Kozhikode, First Published Jun 21, 2021, 2:37 PM IST

കോഴിക്കോട്: രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവാക്കള്‍  സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന. വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് ഈ സംഘമെന്നാണ് പൊലീസ് കരുതുന്നത്. ഇന്ന് പുലർച്ചെ 4.45 നുണ്ടായ അപകടത്തില്‍ കരിപ്പൂരില്‍ നിന്ന് മടങ്ങുകയായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കളാണ് മരിച്ചത്. 

മലപ്പുറം പാണ്ടിക്കാട് നിന്ന് സിമന്‍റ് കയറ്റി, കോഴിക്കോട് നാദാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കാറിൽ വന്നിടിച്ചത്. ആദ്യമണിക്കൂറുകളിൽ ഇതൊരു സാധാരണ അപകടമാണെന്നാണ് കരുതിയത്. എന്നാല്‍ കരിപ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിന് പകരം യുവാക്കള്‍ രാമനാട്ടുകരയിലെത്തിയത് എന്തിനെന്ന ചോദ്യമാണ് പൊലീസിനെ കുഴച്ചത്. തുടര്‍ന്ന് മരിച്ചവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അപകടം നടന്ന സമയത്ത് ഈ കാറിനൊപ്പം ഉണ്ടായിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഒരു ഇന്നോവ കാറിലെ ആറ് പേരെയാണ് ഇപ്പോൾ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നത്. മൂന്ന് വാഹനങ്ങളിലായി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കി. 

കരിപ്പൂരിൽ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതാണെന്നാണ് ഈ കാറിലുള്ളവർ പറയുന്നതെങ്കിലും പലരും പറയുന്ന മൊഴികളിൽ പൊരുത്തക്കേടുണ്ട്. മരിച്ച യുവാക്കളിൽ ചിലർക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്ന് മാത്രമാണ് പൊലീസ് പ്രാഥമികമായി വ്യക്തമാക്കുന്നത്. അതിനാൽത്തന്നെ അപകടത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്വട്ടേഷൻ ബന്ധമോ, അട്ടിമറിയോ ഉണ്ടോ എന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്.  

Follow Us:
Download App:
  • android
  • ios