വാടാനപ്പിള്ളി സ്വദേശി സുനിതയെ ബെംഗളൂരുവിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ അറസ്റ്റിലായി. ലൈംഗികാതിക്രമം തടഞ്ഞതിനാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കാരണവർ കൊലക്കേസിലെ പ്രതി ഷെറിനെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സഹതടവുകാരിയായിരുന്നു കൊല്ലപ്പെട്ട സുനിത.

തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവന്നിരുന്ന ഇയാൾ മലയാളിയാണ്. ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതയെ ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരവും പൈശാചികവുമായ നിലയിൽ ദീപക് കൃഷ്ണൻ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിലെ വിവാദമായ കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ വിഐപി തടവുകാരിയെന്ന വൻ വെളിപ്പെടുത്തൽ നടത്തിയ സഹതടവുകാരിയായിരുന്നു സുനിത. ജയിൽമോചിതയായ ശേഷം ജീവിക്കാൻ വക തേടിയാണ് ഇവർ ബെംഗളൂരുവിലെ നായകൾക്കായുള്ള ഷെൽട്ടർ ഹോമിലെത്തിയത്.

ക്രൂര മർദനത്തിന് ഇരയായ സുനിത തൃശ്ശൂരിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് മൂന്നിനാണ് ഇവരെ ദീപക് കൃഷ്ണൻ മർദ്ദിച്ചത്. സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് ദൃക്‌സാക്ഷി മൊഴി. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്.

വാടാനപ്പള്ളി സ്വദേശിയായ സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. ഇവിടെ ഷെറിനൊപ്പമായിരുന്നു സുനിതയും ഉണ്ടായിരുന്നത്. ജയിലിൽ മറ്റ് തടവുകാർക്കുള്ള സൗകര്യമായിരുന്നില്ല ഷെറിനുള്ളതെന്നാണ് സുനിത 2025 ൽ ആരോപിച്ചത്. ഉന്നത ബന്ധങ്ങൾ മൂലം അധിക പരോളുകൾ നേടി, മന്ത്രി ഗണേഷ് കുമാറുമായി ബന്ധം, മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലിൽ കിട്ടി, 2015ൽ ഷെറിൻ്റെ സുഖവാസത്തിനെതിരെ നൽകിയ പരാതി പൊലീസുകാർ ഗൗരവത്തോടെയെടുത്തില്ല, ജയിൽ മുൻ ഡിഐജി പ്രദീപനുമായും ഷെറിന് ബന്ധം എന്നിങ്ങനെയായിരുന്നു സുനിത ഉന്നയിച്ച ആരോപണങ്ങളും വെളിപ്പെടുത്തലുകളും. ഷെറിൻ ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങുന്ന ഘട്ടത്തിലാണ് വെളിപ്പെടുത്തലുമായി സുനിത രംഗത്ത് വന്നത്.