ബെംഗളൂരുവിൽ ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടർന്ന് കൊല്ലപ്പെട്ട മൃഗസ്നേഹിയായ സുനിതയുടെ മരണത്തിൽ നടി പാർവതി തിരുവോത്ത് ദുഃഖം രേഖപ്പെടുത്തി.
കൊച്ചി: ബെംഗളൂരുവിൽ അതിക്രൂരവും പൈശാചികവുമായ മർദ്ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ സുനിതയെ കുറിച്ച് നടി പാർവതി തിരുവോത്ത്. ലൈംഗികാതിക്രമ ശ്രമങ്ങളെ ചെറുക്കുന്നതിനിടയിൽ ആണ് കൊല്ലപ്പെട്ടതെന്ന് അറിഞ്ഞത് മുതൽ കരച്ചിൽ അടക്കാനാവുന്നില്ലെന്ന് പാർവതി പറയുന്നു. കൊലയാളിയെ എന്തുകൊണ്ടാണ് ഇപ്പോഴും അറസ്റ്റ് ചെയ്യാത്തതെന്നും പാർവതി ചോദിക്കുന്നു.
പാർവതി തിരുവോത്തിന്റെ വാക്കുകൾ ഇങ്ങനെ
"സുനിത വെറുതെ മരിച്ചതല്ല. അവൾ കൊല്ലപ്പെട്ടതാണ്. ഞാൻ കണ്ടുമുട്ടിയതിൽ ഏറ്റവും സ്‌നേഹമുള്ള, ദയയുള്ള ഒരു സ്ത്രീ, അവളുടെ കൊലപാതകിയുടെ ലൈംഗികാതിക്രമ ശ്രമങ്ങളെ ചെറുക്കുന്നതിനിടയിൽ കൊല്ലപ്പെട്ടെന്ന് അറിഞ്ഞത് മുതൽ എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ആരായിരുന്നു അവളുടെ തൊഴിലുടമ? ആരെയാണ് ഇപ്പോഴും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരാത്തത്? എന്നിട്ടും നമുക്ക് എന്തെങ്കിലും ആശ്ചര്യമുണ്ടോ?
സ്‌നേഹനിധിയായ ഭർത്താവും 4 വയസ്സുള്ള മകനും അടങ്ങുന്നതായിരുന്നു സുനിതയുടെ കുടുംബം. ഒപ്പം 167 നായ്ക്കളേയും സുനിത രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു. നായ്ക്കളെ സംരക്ഷിക്കുന്നതിനിടയിൽ അവൾ പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കത്തിക്കുത്ത്, ഗുരുതരമായ പൊള്ളൽ.. എന്നിവയെല്ലാം അവൾ അതിജീവിച്ചു. കൊലയാളി തന്റെ തെരുവ് നായ സംരക്ഷണ കേന്ദ്രത്തിൽ മികച്ചൊരു ശമ്പളം വാഗ്ദാനം ചെയ്തതിനാലാണ് അവൾ ആ ജോലി ഏറ്റെടുത്തത്. അതിലൂടെ അവളുടെ കുടുംബത്തേയും അവറ്‍ സംരക്ഷിക്കുന്ന നായ്ക്കറേയും പരിപാലിക്കാൻ കഴിയുമെന്നതിനാൽ ജോലി ഏറ്റെടുത്തു. അവളുടെ ഇത്രയും ദയയുള്ള മനസാണോ അവളെ കൊലപാതകത്തിലേക്ക് നയിച്ചത്? എനിക്ക് അത് പ്രോസസ് ചെയ്യാൻ കഴിയുന്നില്ല".

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബെംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സുനിത ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്നത്. ശരീരമാസകലം പരിക്കേറ്റ അവർ വെന്‍റിലേറ്ററില്‍ ചികിത്സയില്‍ തുടരവെ മരിക്കുകയായിരുന്നു. ഷെൽട്ടർ ഹോം ഉടമയായ മലയാളി ദീപക് കൃഷ്‌ണ, സുനിതയുടെ തല പിടിച്ച് ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് പൊലീസ് കണ്ടെത്തൽ.



