Asianet News MalayalamAsianet News Malayalam

ദീപകിന്‍റെ തിരോധാനം; അമ്മയെ വിളിച്ച് ഗോവയിലാണെന്ന് പറഞ്ഞു, കണ്ടെത്താൻ നിർണായകമായത് ഫോൺ കോൾ

കഴിഞ്ഞ ദിവസം ദീപക് ഒരു ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് നാട്ടിലേക്ക് വിളിച്ചിരുന്നു. ഗോവയിലാണ് ഉള്ളതെന്നും രണ്ട് ദിവസം കൊണ്ട് തിരികെ എത്തുമെന്നും ദീപക് പറഞ്ഞതായി അമ്മ ശ്രീലത പറയുന്നു.

deepak missing case phone call was crucial in investigation nbu
Author
First Published Feb 1, 2023, 10:41 AM IST

കോഴിക്കോട്: മേപ്പയ്യൂരിൽ നിന്നും കാണാതായ ദീപകിനെ കണ്ടെത്താൻ നിർണായകമായത് കഴിഞ്ഞ ദിവസത്തെ ഫോൺ കോൾ. കഴിഞ്ഞ ദിവസം ദീപക് ഒരു ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് നാട്ടിലേക്ക് വിളിച്ചിരുന്നു. ഗോവയിലാണ് ഉള്ളതെന്നും രണ്ട് ദിവസം കൊണ്ട് തിരികെ എത്തുമെന്നും ദീപക് പറഞ്ഞതായി അമ്മ ശ്രീലത പറയുന്നു.

നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മഡ്ഗാവിൽ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി. ഒരു ഓട്ടോ ‍ഡ്രൈവറുടെ ഫോണിൽ നിന്നാണ് ദീപക് വിളിച്ചത്. ഗോവൻ പൊലീസിന്‍റെ സഹായത്തോടെ ഇയാളുടെ താമസ സ്ഥലം കണ്ടെത്തുകയായിരുന്നു. ആധാർ കാർഡ് മാത്രമാണ് ദീപകിന്‍റെ കയ്യിലുണ്ടായിരുന്നത്. ദീപകിനെ ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. വിശദമായ മൊഴിയെടുത്ത ശേഷം കോടതിയിൽ ഹാജരാക്കും.

Also Read: അന്ന് മരിച്ചെന്ന് കരുതി സംസ്കരിച്ചു; കാണാതായ മേപ്പയ്യൂർ സ്വദേശി ദീപകിനെ ഗോവയിൽ കണ്ടെത്തി

ദീപക് മരിച്ചെന്ന് നേരത്തെ സംശയം ഉയർന്നിരുന്നു. ഇതേ തുടർന്ന് സ്വർണ്ണകടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹം ദീപകിന്റേതെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ സംസ്കരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപകിന്‍റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാലാണ് ബന്ധുക്കള്‍ സംസ്കരിച്ചത്. എങ്കിലും പൊലീസ് ഡിഎന്‍എ പരിശോധനക്ക് വേണ്ടി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.

ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഡിഎന്‍ എ പരിശോധനാ ഫലം വന്നതോടെ ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ച മൃതദേഹം  ഇര്‍ഷാദിന്‍റേതെന്ന് വ്യക്തമായി. പിന്നീട് ദീപക്ക് എവിടെയെന്നത് സംബന്ധിച്ച് മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.

Follow Us:
Download App:
  • android
  • ios