ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിലുൾപ്പെട്ട യാത്രക്കാരി സൈബർ പൊലീസിൽ പരാതി നൽകി. വീഡിയോ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു
കണ്ണൂർ: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണമായ ഷിംജിത മുസ്തഫ പ്രചരിപ്പിച്ച വീഡിയോക്കെതിരെ യാത്രക്കാരി പൊലീസിനെ സമീപിച്ചു. ദീപക് ബസിനകത്ത് മോശമായി പെരുമാറിയെന്ന തരത്തിൽ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയിൽ താൻ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആളുകള്‍ തെറ്റിദ്ധരിക്കുമെന്നതിനാല്‍ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുമാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോഴും വലിയ തോതിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് പിൻവലിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നുമാണ് പെൺകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിലാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. അതിനിടെ ഈ പരാതിയുടെ വിശദാശംശങ്ങള്‍ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കള്‍ കണ്ണൂര്‍ പൊലീസിന് വിവരാവകാശ അപേക്ഷ നല്‍കി.
ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച
അതേസമയം ദീപക് ജീവനൊടുക്കിയ കേസിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധിയുണ്ടാകും. ജാമ്യഹർജിയിൽ ഇന്ന് വാദം പൂർത്തിയായതോടെ ജനുവരി 27 ന് വിധി പറയാമെന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും സംഭവത്തില്‍ സാക്ഷികളുടെ മൊഴികളും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
അതേസമയം ദീപക്കിനെ ഷിംജിതക്ക് ഒരു മുന്‍ പരിചയവുമില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു. വിശദവാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. മഞ്ചേരി ജയിലാണ് ഷിംജിത മുസ്തഫ നിലവിൽ റിമാന്‍ഡില്‍ കഴിയുന്നത്. ഈ മാസം 16 നായിരുന്നു സ്വകാര്യബസില്‍ കേസിനാസ്പദമായ വീഡിയോ യുവതി ചിത്രീകരിച്ചതും പോസ്റ്റ് ചെയ്തതും. വീഡിയോ വലിയ തോതിൽ പ്രചരിച്ചതോടെ അടുത്ത ദിവസം ദീപക് ജീവനൊടുക്കുകയായിരുന്നു. സംഭവം വലിയ വിവാദമായതോടെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചേർത്ത് കേസെടുത്ത പൊലീസ് 5 ദിവസങ്ങൾക്കിപ്പുറം ബന്ധു വിട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റുകയായിരുന്നു.


