'സഭയുടെ പേരില് വർഗീയ വിഷം വിളമ്പാൻ ആരും ഇലയിടേണ്ട'; നിലപാട് വ്യക്തമാക്കി ദീപികയുടെ മുഖപ്രസംഗം
മതത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നവരെക്കൊണ്ടു മറ്റുള്ളവർക്കു ജീവിക്കാനാകാത്ത സ്ഥിതി വളരുകയാണ്. കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ലെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കി.
തിരുവനന്തപുരം: തീവ്രവാദ വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാൻ ആരും ഇലയിടേണ്ടെന്നും ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ലെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കി.
സമുദായസ്നേഹത്തിന്റെ വീഞ്ഞെന്ന വ്യാജേന ഇതര മതവിദ്വേഷത്തിന്റെ പാനപാത്രവുമായെത്തുന്നവരെയും, സ്വന്തം മതത്തിൽപ്പെടാത്ത സഹപൗരന്മാരെ രണ്ടാം തരക്കാരായി വിചാരിക്കുന്ന ഹിംസയുടെ ധാരകളെ തള്ളിപ്പറയാതെ മതേതര ജനാധിപത്യത്തെ മതവേഷം കെട്ടിക്കാൻ ശ്രമിക്കുന്നവരെയും നാം തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തിനും ലോകത്തിനും മാതൃകയാകാനുള്ള ചരിത്രനിയോഗം കേരളത്തെപ്പോലെ ഏറ്റെടുക്കാൻ മറ്റാർക്കു കഴിയുമെന്നും സഭ ചോദിച്ചു.
മതത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നവരെക്കൊണ്ടു മറ്റുള്ളവർക്കു ജീവിക്കാനാകാത്ത സ്ഥിതി വളരുകയാണ്. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വങ്ങളും അഴിമതിയും അഴിമതിവിരുദ്ധ നിഴൽയുദ്ധങ്ങളും ജനാധിപത്യ ധ്വംസനവും മതധ്രുവീകരണവും ഉൾപ്പെടെ നൂറായിരം നീറ്റലുകളെ മറക്കാനുള്ള ഒറ്റമൂലിയായി മതത്തെ ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കി.
എഡിറ്റോറിയലിന്റെ പൂർണരൂപം
കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളന്പാൻ ആരും ഇലയിടേണ്ട. കൃത്യമായി പറഞ്ഞാൽ, ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ല. മതത്തെയല്ല, തീവ്രവാദത്തെയാണ് നാം ചെറുക്കുന്നത്.
സ്വന്തം മതമൗലികവാദത്തെ ഓമനിച്ചു വളർത്തിക്കൊണ്ട് മറ്റെല്ലാ മതങ്ങളുടെയും തീവ്രവാദത്തെയും വർഗീയവാദത്തെയും പ്രതിരോധിക്കാനിറങ്ങുന്ന കാപട്യത്തെ കേരളം ഏറ്റെടുക്കില്ല.
ലോകത്തെവിടെയായാലും സ്വന്തം മതത്തിനുവേണ്ടി മാത്രം ഇരവേഷം കെട്ടിയാടി ബാക്കിയെല്ലായിടത്തും സമാധാനത്തിന്റെ കഴുത്തറക്കുന്നവരെയും, അവരെ മാത്രം ചൂണ്ടിക്കാണിച്ച് സമുദായസ്നേഹത്തിന്റെ വീഞ്ഞെന്ന വ്യാജേന ഇതര മതവിദ്വേഷത്തിന്റെ പാനപാത്രവുമായെത്തുന്നവരെയും, സ്വന്തം മതത്തിൽ പെടാത്ത സഹപൗരന്മാരെ രണ്ടാം തരക്കാരായി വിചാരിക്കുന്ന ഹിംസയുടെ ധാരകളെ തള്ളിപ്പറയാതെ മതേതര ജനാധിപത്യത്തെ മതവേഷം കെട്ടിക്കാൻ ശ്രമിക്കുന്നവരെയും നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മളൊന്നാണ്.
ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും കൊടുത്ത് ഒരു ജനതയായി നമുക്കു ജീവിക്കണം. രാജ്യത്തിനും ലോകത്തിനും മാതൃകയാകാനുള്ള ചരിത്രനിയോഗം കേരളത്തെപ്പോലെ ഏറ്റെടുക്കാൻ മറ്റാർക്കു കഴിയും!
മതത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നവരെക്കൊണ്ടു മറ്റുള്ളവർക്കു ജീവിക്കാനാകാത്ത സ്ഥിതി വളരുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മയും സാന്പത്തിക അസമത്വങ്ങളും അഴിമതിയും അഴിമതിവിരുദ്ധ നിഴൽയുദ്ധങ്ങളും ജനാധിപത്യ ധ്വംസനവും മതധ്രുവീകരണവും ഉൾപ്പെടെ നൂറായിരം നീറ്റലുകളെ മറക്കാനുള്ള ഒറ്റമൂലിയായി മതത്തെ ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
മതമേതായാലും പ്രശ്നമില്ല; പ്രധാന വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഈ തെരുവുനാടകങ്ങളിലെ അഭിനേതാക്കളെ തിരിച്ചറിയാൻ വൈകിയാൽ കേരളവും വലിയ വില കൊടുക്കേണ്ടിവരും. കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളന്പാൻ ആരും ഇലയിടേണ്ട. കൃത്യമായി പറഞ്ഞാൽ, ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ല. മതത്തെയല്ല, തീവ്രവാദത്തെയാണ് നാം ചെറുക്കുന്നത്.
വിശ്വാസികളോടല്ല, വർഗീയവാദികളോടാണ് നാം "മാ നിഷാദ' എന്നു പറയുന്നത്. ക്രൈസ്തവരെ രക്ഷിക്കാനെന്ന മുഖംമൂടിയിട്ട് ഇതര മതസ്ഥരെ അവഹേളിക്കുന്ന ക്രിസ്ത്യൻ നാമധാരികൾ ആരായാലും സഭയുടെ തോളിലിരുന്നു ചെവി തിന്നേണ്ട. അന്ത്യത്താഴവേളയിൽ ക്രിസ്തു കാസയിലെടുത്തു കൊടുത്തത് സ്വന്തം രക്തമാണ്, അപരന്റെയല്ല. അതു തിരിച്ചറിയാത്തവർ ആരായാലും ബലിവസ്തു പീഠത്തിൽ വച്ചിട്ട് ക്രിസ്തുവിനെയും തന്നെത്തന്നെയും തിരിച്ചറിഞ്ഞിട്ടു വേണം ബലിയർപ്പിക്കാൻ.
വിശ്വാസികളെ വർഗീയതൊഴുത്തുകളിൽ കൊണ്ടുകെട്ടാമെന്നു കരുതുന്നവർ കാര്യം നടക്കാതെവരുന്പോൾ, സഭയെ ക്രിസ്തുവിന്റേതായി നിലനിർത്താൻ ശ്രമിക്കുന്നവരുടെയൊക്കെ നേരേ ഭീഷണിയുടെ സ്വരമെടുക്കാൻ ശ്രമിക്കുന്നുണ്ട്. അകത്തും പുറത്തുമുള്ള ഒറ്റുകാരെയും പീഡകരെയും നിഷ്പ്രഭമാക്കിയാണ് സഭ ഇന്നോളം സഞ്ചരിച്ചതെന്ന യാഥാർഥ്യം അവരെ ഓർമിപ്പിക്കുക മാത്രം ചെയ്യുന്നു. അധികാരമോ ആത്മനിർവൃതിയോ വെള്ളിനാണയങ്ങളോ എന്തുമാകട്ടെ, മതവിദ്വേഷോന്മാദത്തിന്റെ പ്രലോഭനം കൈയിൽ വച്ചാൽ മതി.
ബ്രിട്ടനിൽനിന്ന് അയർലണ്ടിനെ മോചിപ്പിക്കാൻ 1919ൽ രൂപീകരിച്ച ഐറിഷ് റിപ്പബ്ലിക്കൻ ആർമിയിലെ അംഗങ്ങൾ അക്രമത്തിന്റെയും ഹിംസയുടെയും പാതയിലിറങ്ങിയപ്പോൾ അതു വേണ്ടെന്നു പറയാൻ മുന്നിലിറങ്ങിയതു കത്തോലിക്കാ സഭയാണ്. തീവ്ര ദേശീയവാദികളായിരുന്ന ഐആർഎ കത്തോലിക്കാ സഭയുടെ സംഘടനയല്ലെങ്കിലും അംഗങ്ങൾ കത്തോലിക്കാ വിശ്വാസികളായിരുന്നതിനാൽ സഭയ്ക്ക് ഇടപെടേണ്ടിവന്നു. ആദ്യമൊക്കെ ഐആർഎയെ പിന്തുണച്ചവരും പിന്നീട് അപകടം മണത്തറിഞ്ഞു. "ദൈവസന്നിധിയിലെ കൊലപാതകം' എന്നാണ് ഐആർഎ നടപടികളെ തള്ളിപ്പറഞ്ഞുകൊണ്ട് 1922ൽ കത്തോലിക്കാ ബിഷപ്പുമാർ ഇടയലേഖനമിറക്കിയത്. പിന്നീടും പലതവണ ഐആർഎയുടെ ഹിംസാത്മക പ്രവൃത്തികളെ ഇടയലേഖനങ്ങളിലൂടെ അപലപിക്കേണ്ടിവന്നു.
1979ൽ ജോൺ പോൾ രണ്ടാമന് മാർപാപ്പ അയർലണ്ട് സന്ദർശനത്തിനിടെ പറഞ്ഞത് ""അക്രമത്തിൽ മുഴുകിയിരിക്കുന്ന സ്ത്രീ-പുരുഷന്മാരോട് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു; ഹൃദയത്തിന്റെ ഭാഷയിൽ മുട്ടിന്മേൽ നിന്നുകൊണ്ട് നിങ്ങളോട് അഭ്യർഥിക്കുകയാണ് അക്രമത്തിന്റെ പാതയുപേക്ഷിച്ച് സമാധാനത്തിലേക്കു നിങ്ങൾ തിരിച്ചുവരിക'' എന്നാണ്. 1913ൽ രൂപംകൊണ്ട തീവ്ര ദേശീയവാദികളായിരുന്ന ഐറിഷ് വോളണ്ടിയേഴ്സിന്റെ പിന്തുടർച്ചക്കാരായ ഐആർഎ, ബ്രിട്ടനെ ചെറുക്കാൻ ഒരുവേള സഹായമഭ്യർഥിച്ചത് നരാധമനായ ഹിറ്റ്ലറോടാണെന്നതുകൂടി ചേർത്തു വായിക്കാം. തീവ്ര ദേശീയതയും മതഭ്രാന്തും മനുഷ്യരെ എവിടെയെത്തിക്കുമെന്നതിന് ചരിത്രത്തിൽ ഓർമപ്പെടുത്തലുകളുണ്ട്.
ഐആർഎ പോലെ സായുധകലാപത്തിൽ ഏർപ്പെട്ടിരുന്ന സംഘടനകളെ, ക്രൈസ്തവ വർഗീയത ഉയർത്താൻ ശ്രമിക്കുന്ന കേരളത്തിലെ സംഘങ്ങളോടു സാമ്യപ്പെടുത്തേണ്ടതില്ല. ഇവിടെ അത്തരമൊരു സ്വാതന്ത്ര്യസമരം നടക്കുന്നുമില്ല. പക്ഷേ, ചിലരുടെ വിദ്വേഷപ്രചാരണം ക്രൈസ്തവരെയാകെ തെറ്റിദ്ധരിപ്പിക്കും വിധമാണ്. ഇതര മതവിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ നുണപ്രചാരണങ്ങളിൽ കുടുങ്ങി സോഷ്യൽ മീഡിയയിൽ വൈകാരിക പ്രതികരണത്തിനിറങ്ങുന്നവരോട് അഭ്യർഥിക്കാനുള്ളത്, പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കാനാണ്; അത് ആടുകളാണെങ്കിലും ഇടയന്മരാണെങ്കിലും.
നുണകളുടെയും അർദ്ധസത്യങ്ങളുടെയും വാക്കുകളാൽ ഒരുക്കുന്ന യുദ്ധഭൂമിയിലാണ് ഹിംസ ആയുധങ്ങളുമായിറങ്ങാൻ കാത്തിരിക്കുന്നത്. വർഗീയതയ്ക്കു മറുപടി വർഗീയതയല്ല. ഇസ്ലാമിക തീവ്രവാദികളുടെ വംശഹത്യയിൽ ഇറാക്കിലും സിറിയയിലും ഈജിപ്തിലും ലിബിയയിലും സൊമാലിയയിലും യെമനിലും നൈജീരിയയിലുമൊക്കെ പതിനായിരക്കണക്കിനു ക്രൈസ്തവർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ പലായനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അറിഞ്ഞില്ലെന്നേയുള്ളൂ. ഹൈന്ദവ വർഗീയവാദികൾ ഇന്ത്യയിലും ക്രൈസ്തവരെ വേട്ടയാടുന്നുണ്ട്. പക്ഷേ, ഇതൊന്നും വർഗീയമായി സംഘടിക്കാനുള്ള കാരണമാക്കാൻ ക്രൈസ്തവർക്കാകില്ല.
തെറ്റിപ്പോയെന്നു തോന്നിയിട്ടുള്ള ചരിത്രഭാഗങ്ങളെ ന്യായീകരിക്കാനല്ല, കുരിശിൽ പിടിച്ചുകൊണ്ട് ലോകത്തോടു മാപ്പു പറയാൻ മടിച്ചിട്ടില്ലാത്തവരാണ് കത്തോലിക്കാ സഭയെ നയിക്കുന്നത്. മറ്റുള്ളവർ അങ്ങനെ മാപ്പു പറഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടതു സഭയല്ല. അതുകൊണ്ട്, സ്വന്തം മതത്തിലെ അതിന്യൂനപക്ഷമായ തീവ്രവാദിക്കൂട്ടങ്ങളെ തള്ളിപ്പറയാൻ സഭയ്ക്കു മടിയില്ല.
സഹോദരമതങ്ങളോടും സഭ അതിനായി ആഹ്വാനം ചെയ്യട്ടെ. സമുദായസംരക്ഷണത്തിന്റെയും കെട്ടുറപ്പിന്റെയും വ്യാജബിംബങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുവരുന്നവരെ ആട്ടിയോടിക്കുക. അഹിംസയുടെ ഗാന്ധിമണ്ണിനെ നാം കൈവിടരുത്. നമുക്കൊരു മനുഷ്യാവകാശവും മറ്റുള്ളവർക്കു വേറൊന്നും എന്നതു കാപട്യമാണ്. ഏതു പാനപാത്രത്തിൽനിന്നായാലും വിഷം കുടിക്കില്ലെന്നും മക്കൾക്കു കൊടുക്കില്ലെന്നും പറഞ്ഞുകൊണ്ടേ നമുക്കു സത്യസന്ധരാകാൻ കഴിയൂ.
നാളെയും നമ്മുടെ മക്കൾ കൈകോർത്തു വേണം പള്ളിക്കൂടങ്ങളിലേക്കു പോകാൻ. മതമേത് എന്നല്ല, കുഞ്ഞുങ്ങൾ പരസ്പരം ചോദിക്കേണ്ടത്, വിശക്കുന്നുണ്ടോയെന്നാണ്. വിദ്വേഷത്തിന്റെ അടക്കംപറച്ചിലുപേക്ഷിച്ച് അവർ സ്നേഹത്തിന്റെ സംഘഗാനങ്ങൾ പാടട്ടെ. ക്ഷേത്രങ്ങളും മോസ്കുകളും പള്ളികളും പുതിയൊരു ഉണർത്തുപാട്ടിന്റെ വരികളെഴുതട്ടെ. ഗോത്രകാലങ്ങളിലെ അക്രമോത്സുകവും പൈശാചികവുമായ ഭ്രമയുഗങ്ങളിലേക്ക് തിരിച്ചുനടക്കില്ലെന്നു നമുക്കു പ്രതിജ്ഞയെടുക്കാൻ ഇതാണു സമയം.