ഉത്തർപ്രദേശ് സർക്കാർ നാട്ടിൽ കയറ്റാത്ത അനുരാഗ് കശ്യപിനെ കൊച്ചിയിൽ താമസിപ്പിക്കാൻ പോവുകയാണ്. സ്ത്രീ പീഡനകേസിലെ പ്രതിയെ ഇരയായ നടിയെ കൊണ്ട് ഷാൾ അണിയിപ്പിച്ചു എന്നും സുരേന്ദ്രൻ വിമർശിച്ചു.
തിരുവനന്തപുരം: നിരവധി സ്ത്രീ പീഡന കേസുകളിലെ പ്രതിയെയാണ് ഐഎഫ്എഫ്കെ (IFFK) ഉദ്ഘാടനത്തിന് പിണറായി വിജയൻ (Pinarayi Vijayan) ക്ഷണിച്ചതെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran) ആരോപിച്ചു. സംവിധായകൻ അനുരാഗ് കശ്യപിനെ (Anurag Kashyap) ക്ഷണിച്ചതിനെതിരെയാണ് പരാമർശം.
ഉത്തർപ്രദേശ് സർക്കാർ നാട്ടിൽ കയറ്റാത്ത അനുരാഗ് കശ്യപിനെ കൊച്ചിയിൽ താമസിപ്പിക്കാൻ പോവുകയാണ്. സ്ത്രീ പീഡനകേസിലെ പ്രതിയെ ഇരയായ നടിയെ കൊണ്ട് ഷാൾ അണിയിപ്പിച്ചു എന്നും സുരേന്ദ്രൻ വിമർശിച്ചു.
മീടു കേസിലും ബലാത്സംഗക്കേസിലും നികുതിവെട്ടിപ്പ് കേസിലും പ്രതിയായ സംവിധായകൻ അനുരാഗ് കശ്യപിനെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുപ്പിച്ചതിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണനും രംഗത്തെത്തി. മലയാളികളെ മുഴുവൻ അപമാനിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ചെയ്തതെന്ന് രാധാകൃഷ്ണൻ കൊച്ചിയിൽ ആരോപിച്ചു. കശ്യപിനെപ്പോലൊരാൾക്ക് താമസിക്കാൻ പറ്റിയ ഇടമാണ് കേരളമെന്ന പ്രസ്താവന പിൻവലിക്കാൻ രഞ്ജിത് തയാറാകണമെന്നും എ എൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
അനുരാഗ് കശ്യപ് കൊച്ചിയില്‍ വീടുവെക്കാന്‍ ആലോചിക്കുന്നതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞിരുന്നു. അനുരാഗ് കശ്യപ് ഒരു ഇരയാണ്. ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായി. അവിടെ കാല് കുത്തിയാല്‍ അനുരാഗ് കശ്യപിനെ അറസ്റ്റു ചെയ്യുമെന്നും രഞ്ജിത് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കെ റെയിൽ: യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി
കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവൻ പ്രശ്നമാണ് എന്നും അദ്ദേഹം പറഞ്ഞു.
കെ. റയിൽ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൈയും കെട്ടി നിൽക്കില്ല. ചങ്ങനാശേരി സമരഭൂമിയാണ്. ചങ്ങനാശേരിയെന്ന് കേൾക്കുമ്പോൾ കോടിയേരിക്ക് എന്തോ പ്രശ്നമുണ്ട്. ചങ്ങനാശേരിയെന്ന് കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ മറുപടി പറയേണ്ടത് അവരാണ്.
കൊച്ചി മെട്രോയിലെ അപാകത ഇ ശ്രീധരൻ തന്നെയാണ് പറഞ്ഞത്. മറ്റാരും കണ്ടത്തിയതല്ല. അതിനുളള പരിഹാരവും അദ്ദേഹം തന്നെ പറയുമെന്നും സുരേന്ദ്രൻ പറഞ്ഞു. മുൻ ഡിജിപി ജേക്കബ് തോമസിനെ കെ.സുരേന്ദ്രൻ തള്ളിപ്പറഞ്ഞു. കാര്യങ്ങൾ മനസിലാക്കാതെയുളള പ്രതികരണമാണ് അദ്ദേഹത്തിന്റേത്. അത്തരം അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല. ജേക്കബ് തോമസ് പദ്ധതിയെ അനുകൂലിച്ചിരുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.
