റോഡിനായി ഭൂമിയുടെ പ്രമാണങ്ങൾ വിട്ടുനൽകിയ ആയിരത്തിലേറെ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. ഒരു റിംഗ് റോഡും ഒരായിരം ആശങ്കകളും.
തിരുവന്തപുരം: 8000 കോടി ചിലവിൽ തിരുവന്തപുരം നാവായിക്കുളം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള 77 കിലോമീറ്റർ ഔട്ടർ റിംഗ് റോഡ് പദ്ധതി അനിശ്ചിതത്വത്തിൽ. റിംഗ് റോഡിന് ഓരത്തുള്ള സർവ്വീസ് റോഡിന് ചെലവ് വരുന്ന 430 കോടി രൂപ ഏറ്റെടുക്കണം എന്ന ആവശ്യം സംസ്ഥാനം അംഗീകരിക്കാത്തതോടെ കരാറൊപ്പിടാതെ ഉടക്കി നിൽക്കുകയാണ് കേന്ദ്രം. റോഡിനായി ഭൂമിയുടെ പ്രമാണങ്ങൾ വിട്ടുനൽകിയ ആയിരത്തിലേറെ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു. ഒരു റിംഗ് റോഡും ഒരായിരം ആശങ്കകളും.
പുല്ലൂർമുക്കിലെ അബ്ദുൽകരീമും സാഹീദാബീബിയും മക്കളും പേരക്കുഞ്ഞുങ്ങളും പശുക്കളും ആടും കോഴിയും പ്രാവും കാക്കത്തൊള്ളായിരം താറാവുകളുമൊക്കെ സസുഖം പാർക്കുന്ന മുളയിലഴികത്ത് വീട്. ഈ ഏപ്രിലിൽ പുരയിടത്തിന്റെ അതിരിലേക്ക് വന്നുതറച്ച മഞ്ഞക്കുറ്റികളാണ് ഇവരുടെ സമാധാനം കെടുത്തിയത്. റിങ്റോഡിനായി വീടും കിണറും പശുത്തൊഴുത്തുമടക്കം എഴുപത് സെന്റ് ഏറ്റെടുക്കണമെന്നും രണ്ടുമാസത്തിനകം വീടൊഴിയണമെന്നുമായിരുന്നു ആവശ്യം. അങ്ങനെ റോഡിനായി ഏറ്റെടുത്ത് ബാക്കി വരുന്ന സ്ഥലത്ത് വായ്പയെടുത്ത് പുതിയൊരു കിണർ കുത്തി. പുതിയ തൊഴുത്തുകെട്ടി. കൊല്ലം മൂവായിരം കിലോ നെല്ലുവിളയിക്കുന്ന പാട്ടഭൂമി വിത്തിറക്കാതെ തരിശിട്ടു. മറ്റൊരിടത്ത് വീടുവയ്ക്കാൻ ഓട്ടവും തുടങ്ങി.
രണ്ടുമാസത്തിനകം പൊന്നും വിലതരാമെന്ന് പറഞ്ഞ് പുരയിടത്തിന്റെ പ്രമാണവുമായി പോയ റവന്യൂ ഉദ്യോഗസ്ഥർ ഏഴ്മാസം കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. അബ്ദുൽകരീമിന്റെത് പോലെ ആയിരത്തിലേറെ കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.
കേരളം നടുങ്ങിയ ക്രൂരത: ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം; പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ
8000 കോടി ചിലവിൽ തലസ്ഥാനത്ത് പുതിയൊരു നാലുവരിപാത വരുന്നതോടെ വിഴിഞ്ഞത്തുനിന്നുള്ള കണ്ടെയ്നർ ചരക്കുനീക്കം ഉൾപെടെ സുഖമമാകും എന്നായിരുന്നു സംസ്ഥാന സർക്കാർ സ്വപ്നം. നാവായിക്കുളം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള 77 കിലോമീറ്റർ ഔട്ടർ റിംഗ് റോഡിനായി ഭൂമിയേറ്റെടുക്കൽ വിക്ഞാപനം ഇറങ്ങിയത് കഴിഞ്ഞ വർഷം ഒക്ടോബറിൽ. നാൽപത്തഞ്ച് മീറ്ററിൽ നാലുവരി പാതയ്ക്കായി 711 ഏക്കർ ഭൂമി ഏറ്റെടക്കണം. വീടും കടകളും മറ്റ് കെട്ടിടങ്ങളുമായി 3128 നിർമ്മിതികൾ പൊളിച്ചുമാറ്റണം. റിംഗ് റോഡിന് ഓരത്തുള്ള സർവ്വീസ് റോഡിന് ചെലവ് വരുന്ന 430 കോടി രൂപ ഏറ്റെടുക്കണം എന്ന ആവശ്യം കേരളം അംഗീകരിക്കാത്തതോടെ കരാറൊപ്പിടാതെ ഉടക്കി നിൽക്കുകയാണ് കേന്ദ്രം.
