വൈദ്യ പരിശോധനയിലൂടെ വയസ് നിര്‍ണയിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
കൊച്ചി : ജനന സര്‍ട്ടിഫിക്കറ്റില്ലാത്തതിന്‍റെ പേരില്‍ അഫ്സാനക്കും സമ്മയ്ക്കും ഇനി സ്കൂള്‍ മുടങ്ങില്ല. എറണാകുളം ഏലൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ ഇവര്‍ക്ക് ഹൈക്കോടതി ഇടപെടലോടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. വൈദ്യ പരിശോധനയിലൂടെ വയസ് നിര്‍ണയിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
ജനന സര്‍ട്ടിഫിക്കറ്റില്ലാതെ കുട്ടികളെ രക്ഷിതാക്കൾ ഏലൂര്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂളില്‍ ചേര്‍ത്തു. പഠനം തുടരണമെങ്കിൽ സര്‍ഫിക്കറ്റ് വേണമെന്ന് സ്കൂൾ അധികൃതർ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് വര്‍ഷം മുന്നേ ജനന സര്‍റ്റിഫിക്കറ്റിന് അപേക്ഷിച്ചെങ്കിലും ആര്‍ഡിഒ ഓഫീസ് പ്രതികരിച്ചില്ല. ഒടുവിൽ തണല്‍ എന്ന സന്നദ്ധ സംഘടനയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവരുടെ സ്വപ്നങ്ങള്‍ക്ക് വെളിച്ചം വെച്ചത്.
സംഘടനയുടെ സഹായത്തോടെ ഹൈക്കോടതി ഇടപെട്ടതോടെയാണ് കുട്ടികളുടെ ജനനം രേഖപ്പെടുത്തിയത്. വിശദമായ വൈദ്യ പരിശോധനയ്ക്ക് ശേഷമായിരുന്നു മൂവരുടേയും വയസ് നിര്‍ണ്ണയിച്ചത്. ഗുനാജിന് പതിനൊന്നും സമ്മയ്ക്ക് അഞ്ചും അഫ്സാനയ്ക്ക് നാലും വയസാണ് പ്രായം. കാത്തിരുന്ന് കിട്ടിയ ജനന സര്‍ട്ടിഫിക്കറ്റിൽ ജനന സ്ഥലത്തിന്‍റെ സ്ഥാനത്ത്, കൊച്ചി നോര്‍ത്ത് പാലത്തിന് സമീപമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മുന്ന-മെഹറുനിസ ദമ്പതികളും മൂന്ന് പെണ്‍മക്കളും ഇന്ന് വീട്ടില്‍ സുരക്ഷിതരാണ്. മൂത്തമകള്‍ ഗുനാജിന്‍റെ ചുണ്ടിനുള്ള വൈകല്യം മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഈ കുടുംബം. മേല്‍വിലാസം പൂര്‍ത്തിയാവാന്‍ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഇനിയും വേണം.

