ദില്ലി: ദില്ലി എംയിസിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു. പിപിഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി സമയം  കുറയ്ക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. കൊവിഡ് പടർന്നു പിടിക്കുന്ന ദില്ലിയിൽ എയിംസിലെ നഴ്സുമാരുടെ സമരം വലിയ ചർച്ചയായിരുന്നു.  

ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കുക, ജോലി സമയം പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം ആരംഭിച്ചത്. എംയിസിൽ ഇരുനൂറിലധികം  ആരോഗ്യപ്രവർത്തകർ രോഗികളായ സാഹചര്യത്തിലാണ് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം. 

പിപിഇ കിറ്റകുൾ ധരിച്ചുള്ള ജോലി സമയം ആറ് മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറക്കണം, കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് പരിശോധനയും ആംബുലൻസ് സൗകര്യവും ഉറപ്പാക്കുക തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങൾ ഉയര്‍ത്തിയാണ് എയിംസ് ഡയറക്ടറുടെ ഓഫീസിന് മുന്നിൽ സമരം തുടങ്ങിയത്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ജോലി ബഹിഷ്കരിക്കുമെന്നും നഴ്സുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമരത്തിൻ്റെ ആദ്യത്തെ ആഴ്ചയിൽ നഴ്സുമാരുമായി ചർച്ച നടത്താൻ പോലും എയിംസ് അധികൃതർ തയ്യാറായിരുന്നില്ല.