ജലീലിനെതിരെയുള്ള പരാതി അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് നിയമിച്ചു. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കാന്‍ ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചത്.
ദില്ലി: 'ആസാദി കാശ്മീര്‍' പരാമര്‍ശത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെയുള്ള പരാതിയില്‍ ദില്ലി പൊലീസിനോട് റിപ്പോർട്ട് തേടി ദില്ലി റോസ് അവന്യൂ കോടതി. ചൊവ്വാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, ജലീലിനെതിരെയുള്ള പരാതി അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് നിയമിച്ചു. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കാന്‍ ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. കെ ടി ജലീലിനെതിരെ ദില്ലി റോസ് അവന്യു കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിക്കാരന്‍ വിശദീകരിച്ചു. അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലിനെതിരെ ഹര്‍ജി നല്‍കിയത്. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
എന്നാല്‍, വിവാദ പോസ്റ്റില്‍ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയത്. 53 ബി പ്രകാരമാണ് വകുപ്പുകള്‍ ചുമത്തിയത്. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ കെടി ജലീൽ ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. ആർ എസ് എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മഡജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്‍റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക. അതേസമയം ജലീലിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് എ ബി വി പി നൽകിയ പരാതിയിൽ കേസെടുക്കേണ്ടന്നാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രൊസിക്യൂഷൻ നൽകിയ നിയമോപദേശം.
