വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപത്തിന്‍റെ  ഭീതിമാറും മുമ്പാണ്  ഇന്നലെ രാത്രി പടിഞ്ഞാറന്‍ ദില്ലിയില്‍ സംഘര്‍ഷമെന്ന സന്ദേശം പരന്നത്. വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു

ദില്ലി: ദില്ലി കലാപം സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് ദില്ലി സര്‍ക്കാരും പൊലീസും. പടിഞ്ഞാറന്‍ ദില്ലിയില്‍ ഇന്നലെ കലാപമുണ്ടായെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച 24 പേരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ദില്ലി സര്‍ക്കാര്‍ വിദഗ്ധരുടെ സഹായം തേടും. അതിനിടെ വടക്കു കിഴക്കന്‍ ദില്ലിയിലെ കലാപം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപത്തിന്‍റെ ഭീതിമാറും മുമ്പാണ് ഇന്നലെ രാത്രി പടിഞ്ഞാറന്‍ ദില്ലിയില്‍ സംഘര്‍ഷമെന്ന സന്ദേശം പരന്നത്. വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമെന്ന് ദില്ലി നിയമസഭ നിയോഗിച്ച സൗരബ് ഭരദ്വാജ് സമിതിയും ശുപാര്‍ശ ചെയ്തു. മൂന്നുവര്‍ഷം തടവു ശിക്ഷ ഉറപ്പാക്കണമെന്നും നിയമസഭാ സമിതി ആവശ്യപ്പെട്ടു. അടിയന്തര പുനരധിവാസ നടപടികളും നിയമസഭാ സമിതി ചര്‍ച്ച ചെയ്തു. ഇതുവരെ നടത്തിയ പുനരധിവാസ, സമാധാന ശ്രമങ്ങളുടെ റിപ്പോർട്ടാണ് ഹൈ കോടതി പൊലീസില്‍ നിന്നു തേടിയത്. അതിനിടെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ പുനരാരംഭിച്ചു. കലാപബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പരിസരത്തുള്ള മറ്റു സ്കൂളുകളിലാണ് പകരം സെന്‍റര്‍ നല്‍കിയത്.

കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടു പരിക്ഷ എഴുതാൻ കഴിയാത്ത വിദ്യർഥികൾക്ക് മറ്റൊരു ദിവസം പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. കലാപം ഏറെ ബാധിച്ച മൗജ്പൂര്‍, ഗോകുല്‍ പൂരി, അശോക് നഗര്‍, എന്നിവിടങ്ങളിലെ കനത്ത സുരക്ഷ തുടരുകയാണ്. കലാപത്തില്‍ പരിക്കേറ്റ് ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 46 ആയി. കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കുടുംബത്തിന് ദില്ലി സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കാനും ആശ്രിതര്‍ക്ക് ജോലി നല്‍കാനും ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു.