തിരുവനന്തപുരം: വിമാനത്തിന് പിന്നാലെ ട്രെയിനിലും സംസ്ഥാനത്തേക്ക് യാത്രക്കാർ എത്തുന്നു. ദില്ലിയിൽ നിന്നും സംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തും. ആദ്യ ട്രെയിനിൽ 700 യാത്രക്കാർ വരെ തമ്പാനൂരിലേക്ക് എത്താമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ദില്ലിയിൽ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ് ഉള്ളത്. നാളെ പുലർച്ചെ അഞ്ചരയോടെ ട്രെയിൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. എസി കോച്ചിൽ യാത്രക്കാരെ എത്തിക്കുന്നതിനെതിരെ ആരോഗ്യപ്രവർത്തകർ രംഗത്തെത്തിയത് കൂടി കണക്കിലെടുത്ത് സ്റ്റേഷനിൽ കർശന പരിശോധനയുണ്ടാകും.

യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കും. പതിഞ്ച് ടേബിളുകൾ പരിശോധനയ്ക്കായി ഒരുക്കും. രണ്ട് മണിക്കൂർ കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി സ്റ്റേഷനിൽ നിന്നും യാത്രക്കാരെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടത്തിന്റേത്. രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും.

സ്റ്റേഷനിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകും. പാർക്കിംഗ് സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. വീടുകളിലേക്ക് പോകുന്നവരെ കൊണ്ടുപോകാനായി ഡ്രൈവർ മാത്രമേ വരാകൂ.ഓൺലൈനിൽ അപേക്ഷിച്ച് ലഭിച്ച പാസില്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. വീടുകളിലേക്ക് മടങ്ങുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. തമിഴ്നാട് സ്വദേശികളെ കൊണ്ടുപോകാനായി തമിഴ്നാടിൽ നിന്നും ബസ്കുൾ അയക്കും. സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂടുതൽ പേർ എത്തുന്നതോടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിൻ പുറപ്പെടുക.