തൃശൂർ: വാണിയൻപാറയിൽ ഹൈക്കോടതി ജഡ്ജി അശോക് മേനോന്റെ കാറിൽ മനപ്പൂർവം മിനി ലോറി ഇടിച്ചുകയറ്റിയതായി പരാതി. ജഡ്ജിയെ വീട്ടിൽ ഇറക്കി ഡ്രൈവർ മടങ്ങുമ്പോഴാണ് സംഭവം. ലോറി ഡ്രൈവറെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു..

തൃശൂർ വാണിയംമ്പാറയിൽ ഉച്ചക്കഴിഞ്ഞായിരുന്നു സംഭവം. ഹൈക്കോടതി ജഡ്ജിയെ തിരുവില്ല്വാമലയിലെ വീട്ടിലിറക്കി മടങ്ങുകയായിരുന്നു ഡ്രൈവർ. വാണിയംമ്പാറയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ വഴിയരികിൽ കാർ നിർത്തിയിട്ടിരുന്നു. ഈ സമയത്തായിരുന്നു മിനി ലോറി ഡ്രൈവറുടെ വരവ്. 

പാർക്കിങ്ങിനെ ചൊല്ലി ലോറി ഡ്രൈവർ ബഹളംവച്ചു. ഇതിനു ശേഷമാണ് ലോറി മനപ്പൂർവം ഇടിച്ചു കയറ്റിയത്. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നു. ഡ്രൈവർ വാണിയമ്പാറ അടുക്കളപ്പാറ സ്വദേശി സണ്ണിയെ കയ്യോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടിയുടെ ആഘാതത്തിൽ കാറിന് തകരാർ സംഭവിച്ചു. രണ്ടു വണ്ടികളും പീച്ചി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.