കൊച്ചി നെട്ടൂരിലാണ് വിഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാവശ്യമുന്നയിച്ച് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്.
കൊച്ചി: കോൺഗ്രസിൽ ആരാണ് മുഖ്യമന്ത്രി എന്നതിനെക്കുറിച്ച് ചർച്ച പുരോഗമിക്കവേ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ. കൊച്ചി നെട്ടൂരിലാണ് വിഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാവശ്യമുന്നയിച്ച് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു. കണ്ണൂരും കോഴിക്കോടും പ്രകടനം പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് മുക്കത്തും വി ഡി സതീശൻ അനുകൂല പ്രകടനം നടന്നു. പോരാട്ടം നയിച്ചവർ നാടിനെ നയിക്കണം എന്നായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
വി ഡി സതീശനായി കളമശ്ശേരിയിൽ ഫ്ലക്സ് ബോർഡ്
വി ഡി സതീശനായി കളമശ്ശേരിയിൽ ഫ്ലക്സ് ബോർഡ്. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. കളമശ്ശേരി എച്ച്എംടി മെഡിക്കൽ കോളേജ് റോഡിൽ ഗെയിൽ ജംഗ്ഷന് സമീപമാണ് യുഡിഎഫ് പ്രവർത്തകർ പരസ്യമായിത്തന്നെ വി.ഡി സതീശനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സ് സ്ഥാപിച്ചത്. കെ സി വേണുഗോപാലിനായും ഇവിടെ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയുടെ മറവിലും ഇതര സംസ്ഥാനക്കാരെ നിയോഗിച്ചുമാണ് പലയിടങ്ങളിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ കളമശ്ശേരി എച്ച്എംടി കോളനി മറ്റക്കാട് പ്രദേശത്തെ ഒരുകൂട്ടം യുഡിഎഫ് പ്രവർത്തകരാണ് എച്ച്എംടി റോഡിൽ വി. ഡി സതീശന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ ഇന്ന് സ്ഥാപിച്ചത്.

