മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും എന്തു വേണം എല്ലാവരും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. എല്ലാ പാർട്ടികളും ആലോചിക്കണം. പി എം ശ്രീ വിഷയത്തിൽ എൽഡിഎഫിൽ അന്തഛിദ്രം രൂക്ഷമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ജനങ്ങൾ കേരളത്തിൽ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നു. അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു. എൽഡിഎഫ് ഭരണം ജനങ്ങൾക്ക് മടുത്തു. പരാജയപ്പെടും മുമ്പ് മേയർ കോഴിക്കോടേയ്ക്ക് തിരിച്ചത് നന്നായി. ബിജെപിയുമായി എൽഡിഎഫ് കൈ കോർക്കുന്നു. മുൻ മന്ത്രിക്കെതിരെ ബിജെപി ഡീൽ ആരോപണം വരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റ് ഒഴിവാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
കോടതി ഇടപെടലിൽ വൻ സ്രാവുകൾ അകത്താകുന്നുണ്ട്. അടുത്തത് പത്മകുമാർ അകത്താകുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പത്മകുമാറിൽ നിൽക്കില്ലെന്നും മന്ത്രിമാർ ഉൾപ്പെടെ അഴിയെണ്ണേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. അയ്യപ്പൻ ആരെയും വെറുതേ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫയൽ മന്ത്രിക്ക് മുമ്പാകെ വരില്ലെന്ന് കടകംപള്ളി പറയുന്നു. വാക്കാൽ നിർദ്ദേശമാണ് മന്ത്രി നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ്
തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ രംഗത്തെത്തി. ബിജെപിയും ജെഡിയുവും ജയിച്ചത് എസ്ഐആർ നടന്നതുകൊണ്ടാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്ന ആയുധമാണ് എസ്ഐആർ എന്നും മാണിക്കം ടാഗോർ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ വിറ്റു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ബീഹാറിൽ എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുവെന്നും പക്ഷേ അത് തെരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുന്നില്ലെന്നും മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു.



