കൊച്ചി: മരടിലെ പാർപ്പിട സമുച്ഛയങ്ങൾ പൊളിക്കാനുള്ള കമ്പനികളെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ലാറ്റ് ഉടമകളിൽ എത്രപേർ‍ക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി തീരുമാനിക്കും.  ഉടമകൾ ആരുമില്ലാതെ 15 ഫ്ലാറ്റുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്നും ചീഫ് സെക്രട്ടറി.  കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

സുപ്രീം കോടതിയിൽ നൽകിയ ആക്ഷൻ പ്ലാന്‍ അനുസരിച്ചുള്ള തുടർ നടപടികളുടെ പുരോഗതിയാണ് ചീഫ് സെക്രട്ടറി വിലയിരുത്തിയത്. ഒക്ടോബർ 9ന് തന്നെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള നടപടികൾ തുടങ്ങും. 8-ന് തന്നെ ഇതിനുള്ള കമ്പനികളെ നിശ്ചയിക്കും. നിലവിൽ മൂന്ന് കമ്പനികളാണ് ചുരുക്കപ്പട്ടിയിലുള്ളത്. ഇതിൽ ഏതൊക്കെ കമ്പനികൾവേണമെന്നത് വിദഗ്ധ സമിതിയുടെ കൂടി അഭിപ്രായം കേട്ട ശേഷം അന്തിമമായി തീരുമാനിക്കും. 

ഒക്ടോബർ 11ന് പാർപ്പിട സമുച്ചയം തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് പൂർണ്ണമായും കൈമാറുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഫ്ലാറ്റുകൾ വിട്ടൊഴിഞ്ഞവർക്ക് സുപ്രീം കോടതി നിശ്ചയിച്ച സമയത്തിനുള്ളിൽ പ്രാഥമിക നഷ്ടപരിഹാരം നൽകും. എത്രപേർക്ക് ഇത് കൈമാറണമെന്ന് തീരുമാനിക്കുന്നത് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി ആയിരിക്കും. 

ഫ്ളാറ്റുടമകൾക്ക് താൽകാകലികമായ താമസ സൗകര്യം ജില്ലാ ഭരണകൂടം തയ്യാറാക്കിയെങ്കിലും ഭൂരിഭാഗം പേരും ബന്ധുവീടുകളിലേക്ക് മാറിയെന്ന് ചീഫ് സെക്രട്ടരി പറഞ്ഞു. ഫ്ലാറ്റ് പൊളിക്കുന്നതിൽ പരിസരവാസികൾക്കുണ്ടാകുന്ന ആശങ്കകൾ ദൂരികരിക്കാനുള്ള ശ്രമം ഉടൻ തുടങ്ങാനും കൊച്ചിയിൽ ചേർന്ന യോഗത്തിൽ ധരണയായി. ചീഫ് സെക്രട്ടറിക്ക് പുറമെ ജില്ലാ കളക്ടർ എസ് സുഹാസ്, സബ്കളക്ടർ സ്നഹിൽ കുമാർ, കമ്മീഷണർ വിജയ് സാഖറെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.