Asianet News MalayalamAsianet News Malayalam

നവകേരള ബസിനായി സ്കൂൾ മതിൽ തകര്‍ത്തു, സാമൂഹ്യ വിരുദ്ധരെന്ന് മാവേലിക്കര നഗരസഭ,എംഎല്‍എയുടെ ഗുണ്ടകളെന്ന് കോൺഗ്രസ്

സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ മതിലിന്‍റെ സ്ഥാനത്ത് മനുഷ്യമതില്‍ തീര്‍ത്തു. മതില്‍ തകര്‍ത്തത് അരുണ്‍ കുമാര്‍ എം.എല്‍എയുടെ നേതൃത്വത്തിലുള്ള ഗുണ്ടകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, മതില്‍ പൊളിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഉടന്‍ കേസ് നല്‍കാനും ഭരണസമിതി തീരുമാനിച്ചു

Demolishing school wall for the Nava Kerala Sadas, ruckus in Mavelikkara Municipal Council
Author
First Published Dec 12, 2023, 5:39 PM IST

ആലപ്പുഴ:നവകേരള സദസില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് കടക്കാന്‍ മാവേലിക്കര ഹൈസ്കൂളിന്‍റെ മതില്‍ പൂര്‍ണമായും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തിന് പിന്നാലെ യുഡ‍ിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ മതിലിന്‍റെ സ്ഥാനത്ത് മനുഷ്യമതില്‍ തീര്‍ത്തു. മതില്‍ തകര്‍ത്തത് അരുണ്‍ കുമാര്‍ എം.എല്‍എയുടെ നേതൃത്വത്തിലുള്ള ഗുണ്ടകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം,അനുമതിയില്ലാതെയാണ് മതില്‍ തകര്‍ത്തതെന്നാണ് ഭരണസമിതി വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഉച്ചയ്ക്കുശേഷം ചേര്‍ന്ന അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊളിച്ച മതിലിന്‍റെ സ്ഥാനത്ത് പകരം താല്‍ക്കാലികമായി വേലി കെട്ടാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനൊടുവിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മതില്‍ പൊളിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഉടന്‍ കേസ് നല്‍കാനും ഭരണസമിതി തീരുമാനിച്ചു.  മതിൽ പൊളിച്ച് 5 ലക്ഷം രൂപയുടെ വസ്തുക്കൾ കടത്തിയതിന്  പൊലീസിൽ പരാതി നൽകും.ഇരുട്ടിൻ്റെ മറവിൽ സാമൂഹിക വിരുദ്ധരാണ് സ്കൂളിൻ്റെ മതിൽ പൊളിച്ചതെന്നാണ് നഗരസഭയുടെ വിശദീകരണം.

ഇന്ന് രാവിലെയാണ് ജെസിബി കൊണ്ടുവന്ന് സ്കൂളിന്‍റെ മതില്‍ പൂര്‍ണമായും ഇടിച്ചു തകര്‍ത്തത്. നേരത്തെ മുഖ്യമന്ത്രിയുടെ ബസ് കടക്കാന്‍ എം.എസ് അരുണ്‍കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഫണ്ടില്ലെന്ന് പറഞ്ഞ് നഗരസഭ ഇതിന് അനുമതി നല്‍കിയിരുന്നില്ല.മതിൽ അടിയന്തിരായി പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവിലും നഗരസഭ നടപടി എടുത്തിരുന്നില്ല. നഗരസഭക്ക് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.നേരത്തെ മുമ്പ് മതിലിൻ്റ ഒരു ഭാഗം ഇടിച്ചിട്ടപ്പോൾ പ്രതിപക്ഷ പാർട്ടികൾ അത് പുനർനിർമിച്ചിരുന്നു.അതേസമയം,മതിൽ പൊളിച്ചത് അറിഞ്ഞിട്ടില്ലെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു മാവേലിക്കര സിഐയുടെ പ്രതികരണം. മതിൽ ഇന്ന് രാവിലെ  പൊളിച്ചതോടെയാണ് രാവിലെ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകരെത്തിയത്.മതില്‍ പൊളിക്കുന്നതിന് പൊലീസ് കൂട്ടുനിന്നെന്നും ‍ഡിസിസിപ്രസിഡൻ് ബാബുപ്രസാദ് ആരോപിച്ചു.


വിഷയം ചര്‍ച്ച ചെയ്യാന്‍ മാവേലിക്കര നഗരസഭ അടിയന്തര യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ നവകേരള സദസ്സിന് പന്തലിട്ടത് മാവേലിക്കര നഗരസഭയുടെ അനുമതിയില്ലാതെയാണെന്ന് സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ട് മറുപടി നല്‍കുകയായിരുന്നു.അനുമതി നൽകിയിരുന്നോ എന്ന കോൺഗ്രസ് അംഗങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി.നാളെ രാവിലെ തന്നെ നഗരസഭ മതിൽ കെട്ടണമെന്ന് ബിജെപി അംഗങ്ങൾ യോഗത്തില്‍ ആവശ്യപ്പെട്ടു.കൗൺസിൽ അംഗങ്ങളെ വിഢികളാക്കാൻ അനുവദിക്കരുതെന്നും മതിൽ പൊളിക്കാൻ അനുവദിക്കില്ലെന്ന് കൗൺസിൽ തീരുമാനിച്ചതാണെന്നും യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ വ്യക്തമാക്കി. 
കുട്ടികളുടെ സുരക്ഷയാണ് പ്രധാനമെന്നും ഇവര്‍ പറഞ്ഞു.

ഇതിതുപിന്നാലെ സിപിഎം അംഗങ്ങളും പ്രതിപക്ഷവും തമ്മില്‍ ബഹളമായി.സി പി എം അംഗങ്ങൾ ഡയസിലെത്തി ബഹളം വെച്ചു. വിഷയത്തില്‍ എംഎല്‍എ നല്‍കിയ കത്ത് വായിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സിപിഎം അംഗങ്ങളുടെ പ്രതിഷേധം. എന്നാല്‍,അൽപ്പം മുമ്പാണ് കത്ത് വന്നതെന്നും അജണ്ടയിൽ ഇല്ലാത്തതിനാൽ വായിക്കാൻ പറ്റില്ലന്നും അധ്യക്ഷൻ വ്യക്തമാക്കിയതോടെയാണ് ഡയസിലെത്തി സിപിഎം അംഗങ്ങള്‍ പ്രതിഷേധിച്ചത്.പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മതിലിന് പകരം അടിയന്തരമായി വേലിക്കെട്ടാന്‍ തീരുമാനിച്ചതും പൊലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios