Asianet News MalayalamAsianet News Malayalam

സൗകര്യങ്ങളില്ലാതെ ഇരുട്ടില്‍ തപ്പി ഭക്ഷ്യസുരക്ഷാവകുപ്പ്, കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ വിരളം

മായം കലര്‍ന്ന ഭക്ഷണ സാധനം പരിശോധിക്കാന്‍ ലാബുകളുടെ കുറവ്,  ഏഷ്യാനെറ്റ് ന്യൂസിന് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ വിവരാവകാശ മറുപടി, സംസ്ഥാനത്ത് പരിശോധനകള്‍ നന്നേകുറവ്,  മായം കണ്ടെത്തിയാല്‍ തന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവ്,  റഫറല്‍ ലാബുകളിലേക്ക് അയച്ചാല്‍ മായം അപ്രത്യക്ഷമാകുന്ന സംഭവവും നിരവധി

Department of Food Safety without facilities rarely gets convicted in cases
Author
Kerala, First Published May 3, 2022, 7:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കാന്‍ ലാബുകളുടെ കുറവുണ്ടെന്ന് വിവരാവകാശ രേഖ. റീജിയണല്‍ ലാബുകളുടെ മറുപടി ഏഷ്യാനെറ്റ്ന്യൂസിന് കിട്ടി. ലാബുകള്‍ കുറവായതിനാല്‍ ഭക്ഷ്യസാധനങ്ങളില്‍ മായം കണ്ടെത്തിയാലുള്ള തുടര്‍ നടപടികളെ ബാധിക്കുന്നതായും റീജിയണല്‍ ലാബുകളില്‍ നിന്നുള്ള വിവരാവകാശ മറുപടിയില്‍ പറയുന്നു. പരിശോധനകള്‍ തന്നെ വളരെക്കുറച്ച് നടക്കുമ്പോഴും മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയാലും കേരളത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമെന്നും വിവരാവകാശ രേഖയിൽ പറയുന്നു..

കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് 16 കാരിയായ ദേവനന്ദയ്ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്ലാത്തതാണ്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പോലുമില്ലാത്ത കട ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും അത് കണ്ടെത്താന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ എല്ലാ ജില്ലകളിലും നടന്ന പരിശോധനകളുടെ വിവരം ഏഷ്യാനെറ്റ്ന്യൂസ് വിവരാവകാശ നിയമപ്രകാരം ചോദിച്ചിരുന്നു. വളരെക്കുറച്ച് പരിശോധനകള്‍ മാത്രമാണ് നടക്കുന്നതെന്ന് മറുപടി കിട്ടിയ കണക്കുകളില്‍ വ്യക്തമാണ്. 

മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ പിടിച്ചാല്‍ തന്നെ കുറ്റവാളികളെ ശിക്ഷിക്കുന്നത് വിരലിലെണ്ണാവുന്ന കേസുകളില്‍ മാത്രമാണെന്ന് രേഖകളിലുള്ളത്. കുറ്റം കണ്ടെത്തിയാല്‍ തന്നെ പലരും തുച്ഛമായ പിഴയടച്ച് രക്ഷപ്പെടുന്നു. മായം ചേര്‍ന്നെന്ന് കണ്ടെത്തി അത് റഫറല്‍ ലാബിലേക്ക് അയച്ചാല്‍ മായമില്ലെന്ന് കണ്ടെത്തുന്ന കേസുകളും നിരവധി. അതിനിടയിലാണ് പരിശോധനകളെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് പരിശോധനാ ലാബുകളുടെ കുറവുണ്ടെന്ന വിവരാവകാശ മറുപടി. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും റീജിയണല്‍ ഗവണ്‍മെന്‍റ് ലബോറട്ടറികളില്‍ നിന്നാണ് ലാബുകളുടെ കുറവ് തുടര്‍ നടപടികളെ ബാധിക്കുന്നുണ്ടെന്ന മറുപടി ഞങ്ങള്‍ക്ക് കിട്ടിയത്.

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് പലപ്പോഴായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ ഇടയ്ക്കിടെ ചികില്‍സ തേടുന്നു. മതിയായ പരിശോധന നടത്താനോ മായം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനോ നമ്മുടെ ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിയാത്തതതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
 

Follow Us:
Download App:
  • android
  • ios