Asianet News MalayalamAsianet News Malayalam

വ്യാപക പരിശോധന: കെഎസ്ആർടിസി ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർവാഹന വകുപ്പ്

 വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ  ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

Department of Motor Vehicles canceled the fitness of 12 buses including KSRTC
Author
First Published Oct 12, 2022, 10:55 AM IST

പാലക്കാട്: വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ  ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ഒരു കെഎസ്ആർടിസി ബസും  ഒരു സ്വകാര്യ ബസും ഉൾപ്പെടെയാണ് നിയമ നടപടി നേരിട്ടത്. അഞ്ച് ദിവസത്തെ പരിശോധനക്കിടെയാണ് എൻഫോഴ്സ്മെന്റ് ആർടിഓ-യുടെ നടപടി വേഗപൂട്ടിൽ ക്രമക്കേട് നടത്തിയത് 12 ബസുകളിലാണ്.  ലൈറ്റ്, ശബ്ദം തുടങ്ങി അധിക ഫിറ്റിംഗുകൾ 321 ബസുകളിൽ കണ്ടെത്തി. നിയമലംഘനത്തിന് 398 ബസുകൾക്കെതിരെ കേസെടുത്ത് പിഴ ചുമത്തുകയും ചെയ്തു.

അതിനിടെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടൂറിസ്റ്റ് ബസുടമകൾ ഗതാഗത മന്ത്രിയെ കാണും.  നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ ഇന്ന് മുതൽ സംസ്ഥാനത്ത് കർശന നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമലംഘനം നടത്തുന്ന  ബസുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്  സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. അത്തരം ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

നിയമ ലംഘകരായ  ഡ്രൈവർമാരുടെ  ലൈസൻസും ഉടനടി സസ്പെൻഡ് ചെയ്യാൻ  ഇടക്കാല ഉത്തരവിൽ കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. നിയമ വിരുദ്ധ ശബ്ദ സംവിധാനങ്ങളുള്ള വാഹനങ്ങളിൽ വിനോദയാത്ര നടത്തിയാൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടി വരും. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്സ് സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇന്ന് മുതൽ പരിശോധന  കർശനമായിരിക്കും.

Read more: 'ടൂറിസ്റ്റ് ബസ്സുകള്‍ക്ക് കളര്‍കോഡ് നിര്‍ബന്ധം, ഇളവ് നല്‍കാനാകില്ല, ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കും'

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ള നിറത്തിലുള്ള പെയിന്‍റടിക്കണമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം. അടുത്ത ഫിറ്റ്നസ് ടെസ്റ്റ് വരെ ഇതിന് ഇളവ് നല്‍കിയിരുന്നു. ഈ ഇളവാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഹൈക്കോടതി നിർദേശം അതുപോലെ നടപ്പാക്കുമെന്നും മന്ത്രി ബസ്സുടമകളോട് പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം കളർകോഡ് നടപ്പിലാക്കണം എന്ന് പറഞ്ഞാൽ പ്രായോഗികമാകില്ലെന്ന് ബസ്സുടമകള്‍ പറഞ്ഞു ഒന്നോ രണ്ടോ ശതമാനം പേർ ചെയ്യുന്ന നിയമലംഘനങ്ങൾ എല്ലാവരുടെയും ചുമലിൽ ചാരുന്നത് ശരിയല്ല.7000 ടൂറിസ്റ്റ് ബസ്സുകളുണ്ട്. പെട്ടെന്ന് എല്ലാം വെള്ളയടിക്കാനുള്ള വർക് ഷോപ് സംവിധാനം ഇല്ല. വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഉള്ള കളറിൽ ഓടാൻ സമ്മതിക്കണം.അടുത്ത ഫിറ്റ്നസ് വരുമ്പോ മാറ്റാം എന്നും ഉടമകള്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios