Asianet News MalayalamAsianet News Malayalam

Kerala Rains: ശ്രീലങ്ക കടന്ന് ന്യൂനമ‍ർദ്ദം അറബിക്കടലിലേക്ക്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുന്ന ന്യൂന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് -വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

depression formed in bengal sea moving to arabian sea
Author
Kochi, First Published Nov 2, 2021, 1:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഇന്ന് തീവ്രമഴമുന്നറിയിപ്പ് (Rain alert). എട്ട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അല‍ർട്ട് (Oranger Alert) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും ഓറ‍ഞ്ച്  അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ആലപ്പുഴ, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും (yellow alert). 

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ (bengal sea) രൂപം കൊണ്ട ന്യൂനമർദ്ദം (depression) നിലവിൽ കോമറിൻ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുന്ന ന്യൂന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് -വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് തെക്കൻ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത് അവിടെ നിന്നും പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ ന്യൂനമ‍ർദ്ദം ശ്രീലങ്കയ്ക്ക് മുകളിലായി രണ്ട് ദിവസം നിന്ന ശേഷമാണ് ഇപ്പോൾ വടക്ക് - പടിഞ്ഞാറ് ദിശയിലായി നീങ്ങി കൊണ്ടിരിക്കുന്നത്. അറബിക്കടലിൽ എത്തിയ ശേഷം ന്യൂനമ‍ർദ്ദം കൂടുതൽ കരുത്താർജ്ജിച്ചേക്കുമെന്നാണ് വിവിധ കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. 

കേരളത്തിൽ അടുത്ത മൂന്നോ നാലോ ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഇന്നും നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിനാലാണ് സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും തുടരും. ഈ ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios