തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ പഴയ ആരോപണം ഉയർന്നുവന്നത് സംശയകരമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന അഭിപ്രായം. അതേസമയം വിഷയത്തെ രാഷ്ട്രീയമായി നിലനിർത്തി സിപിഎമ്മിനെതിരെ പ്രചാരണം ശക്തമാക്കുകയാണ് കോൺഗ്രസ്.

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുറന്നുകാട്ടി, പാർട്ടിയെ പ്രതിരോധത്തിലാക്കിയ വി കുഞ്ഞികൃഷ്ണന്, പാർട്ടിയിൽ നിന്നുതന്നെ സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാൻ സിപിഎം. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ പഴയ ആരോപണം ഉയർന്നുവന്നത് സംശയകരമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന അഭിപ്രായം. അതേസമയം വിഷയത്തെ രാഷ്ട്രീയമായി നിലനിർത്തി സിപിഎമ്മിനെതിരെ പ്രചാരണം ശക്തമാക്കുകയാണ് കോൺഗ്രസ്.

ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ വി കുഞ്ഞി കൃഷ്ണന് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടോ? നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പരസ്യപ്രസ്താവനയുമായി ഇറങ്ങിയതിൽ മറ്റു രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടോ? സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ഇന്നലെ ഉയർന്ന ചർച്ചകളിലെ പ്രധാന ആശങ്കകൾ ഇവയാണ്. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനെ ലക്ഷ്യം വെച്ചുള്ള വിഭാഗീയ പ്രവർത്തനങ്ങൾക്ക് പയ്യന്നൂർ, പെരിങ്ങോം ഏരിയ കമ്മിറ്റികൾക്ക് കീഴിലുള്ള ഏതെങ്കിലും നേതാക്കളുടെ സഹായങ്ങൾ ലഭിക്കുന്നുണ്ടോയെന്നും പാർട്ടി പരിശോധിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരിക്കാനുള്ള ഗൂഢലക്ഷ്യങ്ങൾ ഉൾപ്പെടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഉണ്ടോ എന്നും പാർട്ടി അന്വേഷിക്കുന്നുണ്ട്. ആരോപണ വിധേയൻ എംഎൽഎ ആയതിനാൽ സാമ്പത്തിക തട്ടിപ്പ് പാർട്ടി മാത്രം അന്വേഷിച്ചാൽ പോരെന്നാണ് കോൺഗ്രസ് നിലപാട്.

ശബരിമലയിൽ കൊള്ള നടത്തിയവരെ സംരക്ഷിച്ചവർ രക്തസാക്ഷി ഫണ്ട്‌ മുക്കിവയവരെ സംരക്ഷിച്ചതിൽ അത്ഭുതമില്ലെന്ന പരിഹാസവും കോൺഗ്രസ്‌ നേതാക്കൾ ഉയർത്തുന്നുണ്ട്. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം വന്നതോടെ പയ്യന്നൂർ വെള്ളൂരിലെ വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ പടക്കം പൊട്ടിച്ചു. വർഗ്ഗ വഞ്ചകൻ എന്ന മുദ്രാവാക്യവും വിളിച്ചു. എന്നാൽ പുറത്താക്കിയ പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്നാണ് കുഞ്ഞികൃഷ്ണൻ്റെ പ്രതികരണം. 

അതേസമയം, രക്തസാക്ഷി ഫണ്ട് തട്ടിപ്പാരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ സിപിഎം ഇന്ന് ഔദ്യോഗികമായി പുറത്താക്കും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. രാവിലെ ആരംഭിച്ച ജില്ലാ കമ്മിറ്റി യോഗം, ഈ തീരുമാനത്തിന് അംഗീകാരം നൽകും. മൂന്നരയ്ക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മാധ്യമങ്ങളെ കാണും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നേതൃത്വം ഒറ്റക്കെട്ടായാണ് പുറത്താക്കാനുള്ള തീരുമാനം എടുത്തത്. 

YouTube video player