തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമർദം അതിശക്ത ന്യൂനമർദമായി അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ഉത്തര മഹാരഷ്ട്ര, ഗുജറാത്ത് തീരത്തെത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ചുഴലിക്കാറ്റായി മാറിയാൽ 'നിസർഗ' എന്ന പേരിലാകും ഇതറിയപ്പെടുക. അറബിക്കടലിൽ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റുമായിരിക്കും.

ന്യൂനമർദത്തിന്റെ സ്വാധീനം മൂലം അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 45 മുതൽ 55 കിമീ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. ന്യൂനമർദ്ദം കരുത്താർജ്ജിക്കുന്ന പക്ഷം കാറ്റിൻ്റെ വേഗം 65 കിമീവരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്. 

അറബിക്കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനത്തിന് പൂർണ്ണ നിരോധനം ഇന്നലെ രാത്രി മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കാലവർഷം നാളെയോടെ കേരളത്തിലെത്തും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. 

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

മെയ് 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

ജൂൺ 1:  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ

ജൂൺ 2: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്

ജൂൺ 3: കണ്ണൂർ, കാസർഗോഡ്