തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരെ അവഗണിച്ച് വിവിധ വകുപ്പുകളിൽ പുറംവാതിൽ നിയമനം നടത്തുന്നതായുള്ള വാർത്തകൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. പി.എസ്.സി റാങ്ക് പട്ടികയിൽ നിന്നും നിയമനമില്ലെന്ന പരാതികൾ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ അവകാശപ്പെടുന്നത്. നിയമനം കിട്ടാതെ നിരാശരാവുന്നവരുടെ വൈകാരികതയെ മാധ്യമങ്ങൾ മുതലെടുക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തുന്നു.

പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളെ പരിഹസിക്കുന്നതാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. ഉദ്യോഗാർത്ഥികളുടെ വൈകാരികത ഉയർത്തി വാർത്തകൾ സൃഷ്ടിക്കുന്നുവെന്നാണ് ദേശാഭിമാനി വിമ‍ർശനം. വ്യക്തിഗത പരാതികൾ മാധ്യമങ്ങൾ വാർത്തയാക്കുന്നതിനെയും ദേശാഭിമാനി പരിഹസിക്കുന്നു.റാങ്ക് ജേതാക്കളുടെ പ്രശ്നങ്ങൾ ഉയർത്തി ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ പണി കിട്ടിയവർ എന്ന പരമ്പര മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തതിന് പിന്നാലെയാണ് ദേശാഭിമാനി വിമർശനം. നാല് വർഷത്തെ കണക്കെടുക്കുമ്പോൾ യുഡിഎഫ് സർക്കാരിനെക്കാൾ 10000 നിയമനങ്ങൾ  അധികം നടത്തിയെന്ന സർക്കാർ അവകാശവാദങ്ങളും മുഖപ്രസംഗത്തിൽ പരാമർശിക്കുന്നു. 

അതേസമയം, വിവാദമായ കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും സംബന്ധിച്ച് ലേഖനത്തിൽ പരാമർശമില്ല. സിപിഎം പ്രതിനിധികൾ പങ്കെടുക്കാതെ വന്നതോടെ ചാനൽചർച്ചകളുടെ വിപണി മൂല്യം ഇടിഞ്ഞു എന്ന് തിരിച്ചറിഞ്ഞാണ് പ്രമുഖ ചാനലിന്‍റെ വാർത്താ പരമ്പരയെന്നും ദേശാഭിമാനി വിമർശിക്കുന്നു.

Also Read: രാഷ്ട്രീയക്കാര്‍ക്ക് വേണ്ടവരെ താത്കാലികമായി നിയമിക്കുന്നു; സപ്ലൈകോ ലിസ്റ്റിലുള്ളവര്‍ ഇപ്പോഴും പുറത്ത്

പിഎസ്സി റാങ്ക് പട്ടികയിൽ ഇടം നേടിയ ആയിരക്കണക്കിനാളുകൾ ജോലിക്കായി കാത്തിരിക്കുമ്പോൾ സർക്കാരിലെ പല തസ്തികകളിലും പിൻവാതിൽ നിയമനം നടക്കുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക വാർത്താപരമ്പരയായി ജനങ്ങളിലെത്തിച്ചിരുന്നു. പണി കിട്ടിയവർ എന്ന പേരിൽ വന്ന ഈ വാർത്താപരമ്പര വലിയ ജനശ്രദ്ധ നേടുകയും പരമ്പരയ്ക്ക് യുവാക്കളിൽ നിന്നും വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് ഒഴിവുകളുണ്ടായിട്ടും നിയമനം ലഭിക്കാത്ത അനുഭവം വ്യക്തമായി ഏഷ്യാനെറ്റ് ന്യൂസിനെ സമീപിച്ചത്. മറ്റു മാധ്യമങ്ങളും വാർത്ത ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ വിമർശനം. 

എന്നാൽ റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കുന്നില്ലെന്ന ആരോണം അടിസ്ഥാനരഹിതമാണ് എന്നാണ് ദേശാഭിമാനി അവകാശപ്പെടുന്നത്. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെ മൂന്നിരട്ടി വരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് പട്ടികകള്‍ തയ്യാറാക്കുന്നത്. ഈ നടപടിയെ മാധ്യമങ്ങൾ  അസാധാരണവും സര്‍ക്കാര്‍ വഞ്ചനയുമായി ചിത്രീകരിക്കുന്നു എന്നും മുഖ്യപ്രസംഗത്തില്‍ ദേശാഭിമാനി അവകാശപ്പെടുന്നു. 

Also Read: പൊലീസ് ഉന്നതരുടെ അട്ടിമറിയിൽ തൊഴിൽ അവകാശം നിഷേധിക്കപ്പെട്ടു; സർക്കാരിന്റെ കനിവ് കാത്ത് ഉദ്യോഗാർത്ഥികള്‍

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ നടത്തി കുപ്രചരണം ഫലിക്കാതെ വന്നപ്പോൾ ചില മാധ്യമങ്ങൾ ചമച്ചെടുത്ത ആരോപണമാണ് പിഎസ്.സി നിയമന വിവാദമെന്നാണ് ദേശാഭിമാനിയുടെ വാദം. എല്ലാ വർഷവും സർക്കാർ പദവികളിൽ ഒഴിവുണ്ടാവും എന്നാൽ വിരമിക്കുന്നവരുടെ  എണ്ണവും സ്ഥാനക്കയറ്റങ്ങളും എല്ലാ വർഷവും ഒരേ രീതിയിലാവണം എന്നില്ലെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. 

Also Read: മാലാഖമാരെയും പറ്റിച്ചു; നഴ്‌സുമാരുടെ പിഎസ്‌സി ലിസ്റ്റും നോക്കുകുത്തി, ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

ഈ സർക്കാർ നിയമനനിരോധനം ഏർപ്പെടുത്തുകയോ വിരമിക്കൽ പ്രായം ഉയർത്തുകയോ ചെയ്തിട്ടില്ല. പ്രധാന ആരോപണം ഉയരുന്നത് പൊലീസ് സേനയിലേക്കുള്ള നിയമനം സംബന്ധിച്ചാണ്. സിവിൽ പൊലീസ് ഓഫീസറുടെ പിഎസ്.സി ലിസ്റ്റിൽ ചിലർ ക്രമക്കേട് കാട്ടിയതിനാൽ ആ ലിസ്റ്റ് മരവിപ്പിച്ചിരുന്നുവെന്നും എന്നാൽ മരവിപ്പിച്ച കാലത്തേക്കും ചേർത്ത് ഇപ്പോൾ നടക്കുന്നുണ്ടെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ആദ്യ നാല് വർഷത്തിൽ നിയമിക്കപ്പെട്ടതിലും കൂടുതൽ പേർ പിണറായി സർക്കാരിൻ്റെ ആദ്യനാല് വർഷത്തിൽ പിഎസ്.സി വഴി നിയമിക്കപ്പെട്ടെന്നും ദേശാഭിമാനി മുഖപ്രസംഗം പറയുന്നു.