Asianet News MalayalamAsianet News Malayalam

സ്വപ്നയുടെ മൊഴിയിൽ ശിവശങ്കറിൻ്റെ പങ്ക് വ്യക്തമെന്ന് ഹൈക്കോടതി

സംസ്ഥാന സ‍ർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായ എം. ശിവശങ്കർ സ്വപ്ന സുരേഷ് അടക്കമുള്ള ആളുകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കേണ്ടിയിരുന്നു.

Details HC verdict which deny pre bail to M Sivashankar
Author
Kochi, First Published Oct 28, 2020, 12:34 PM IST

കൊച്ചി: എം.ശിവശങ്കർ ഐഎഎസിൻ്റെ ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതിയി നിന്നും ഉണ്ടായത് ഗൗരവകരമായ നിരീക്ഷണങ്ങളും പരാമ‍ർശങ്ങളുമാണ്. അന്വേഷണ ഏജൻസികൾക്ക് സ്വപ്ന സുരേഷും ചാർട്ടേഡ് അക്കൌണ്ടൻ്റെ വേണുഗോപാലും നൽകിയ മൊഴികളിൽ നിന്നും എം.ശിവശങ്കറിൻ്റെ പങ്ക് വ്യക്തമാണെന്നും ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിന് ഇല്ലായിരുന്നുവെന്നും മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. 

ഈ ഘട്ടത്തിൽ ലഭ്യമായ തെളിവുകൾ വച്ച് ശിവശങ്കർ കുറ്റക്കാരനാണ് എന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക ബന്ധത്തിനപ്പുറം സ്വപ്ന സുരേഷിൻ്റെ വ്യക്തിപരമായ കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ശിവശങ്കർ ഇടപെടുകയും മാർഗ്ഗനിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ഇഡിക്ക് ശിവശങ്കറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാമെന്നും അതിനോട് ശിവശങ്കർ സഹകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ - 

ഈ കേസിൽ ശിവശങ്കർ പ്രതിയാണോ സാക്ഷിയാണോ എന്ന് അന്വേഷണ ഏജൻസികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. സ്വ‍ർണക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസിൽ അന്വേഷണ ഏജൻസികൾ ശിവശങ്കറിനെ പ്രതി ചേ‍ർത്തിട്ടുമില്ല.  ഈ സാഹചര്യത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷ അംഗീകരിക്കാൻ കഴിയില്ല. മുൻ‌കൂർ ജാമ്യം അനുവദിച്ചാൽ അതു ചോദ്യം ചെയ്യല്ലിനെ തടസ്സപ്പെടുത്തിയേക്കും. ഈ​ ഘട്ടത്തിൽ കോടതി അതിനു തയ്യാറല്ല. 

സംസ്ഥാന സ‍ർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായ എം. ശിവശങ്കർ സ്വപ്ന സുരേഷ് അടക്കമുള്ള ആളുകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കേണ്ടിയിരുന്നു. അന്വേഷണ ഏജൻസികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻ്റ് വേണു​ഗോപാലും  സ്വപ്ന സുരേഷും നൽകിയ മൊഴികളിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാണ്.

സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾക്ക് ശിവശങ്കർ മേൽനോട്ടം വഹിച്ചതായി ഇതിലൂടെ മനസിലാവും. ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിനില്ല. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിൽ എടുക്കുമ്പോൾ ശിവശങ്കറിന് ജാമ്യത്തിന് അർഹതയില്ല. 

അതിനാൽ നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ട് ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് തടസമില്ല. ശിവശങ്കറെ ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകൾ ഇഡിയുടെ പക്കലുണ്ട്. ചോദ്യം ചെയ്യല്ലുമായി ശിവശങ്ക‍ർ സഹകരിക്കണം.

Follow Us:
Download App:
  • android
  • ios