പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം കാറിലുണ്ടായിരുന്ന യുവതിയിലേക്കും. കൊല്ലം സ്വദേശിനിയായ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു.  

കൊച്ചി: കൊച്ചി നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കൊല്ലം സ്വദേശിനിയായ യുവതിയുടെ പങ്കാളിത്തവും അന്വേഷിച്ച് പൊലീസ്. പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച സമയത്ത് കാറിനുളളില്‍ ഒരു യുവതി ഉണ്ടായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായവര്‍ക്ക് രാസലഹരി ഇടപാടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വാഹന പരിശോധനയ്ക്കിടെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ് ഐ സന്തോഷിനെ കാറിടിച്ച് തെറിപ്പിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പ്രതികളെ കൊല്ലം ജില്ലയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെളളിമണ്‍ സ്വദേശികളായ ഷംനാദ്, ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. സംഭവ സമയത്ത് കാറിനുളളില്‍ ഒരു യുവതി ഉണ്ടായിരുന്നെന്ന കാര്യം അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കൊല്ലം സ്വദേശിനിയായ ഈ യുവതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്നും അതിനാലാണ് പൊലീസിനെ കണ്ട് വാഹനം നിര്‍ത്താതിരുന്നതെന്നുമാണ് അറസ്റ്റിലായവര്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നഗരം കേന്ദ്രീകരിച്ചുളള രാസലഹരി ഇടപാട് സംഘങ്ങളുമായി യുവാക്കള്‍ക്ക് ബന്ധമുണ്ടോ എന്ന സംശയമാണ് അവശേഷിക്കുന്നത്. കാറിലുണ്ടായിരുന്ന യുവതിയെ കൂടി ചോദ്യം ചെയ്താല്‍ സംഭവത്തില്‍ വ്യക്തത കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. അപകടത്തില്‍ പരിക്കേറ്റ പൊലീസുദ്യോഗസ്ഥന്‍ സന്തോഷ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming