Asianet News MalayalamAsianet News Malayalam

ദേവനന്ദയെ തിരഞ്ഞ് പൊലീസ് നായ പോയത് ആ വീടിന്‍റെ മതില്‍ ചാടിക്കടന്ന്; മണം പിടിച്ച പൊലീസ് നായക്ക് തെറ്റിയോ?

ദേവനന്ദയുടെ വീടിന്റെ പുറകുവശത്തുകൂടിയാണ് പൊലീസ് നായ മണം പിടിച്ച് പോയത്. മൂന്നടിയോളം താഴ്ചയിലേക്ക് ഇറങ്ങി പിന്നീട് ആൾത്താമസമില്ലാത്ത അയൽ വീടിന്റെ പറമ്പിലേക്കാണ് നായ പോയത്

Devananda death questions over Police dog route
Author
Kollam, First Published Mar 5, 2020, 10:16 AM IST

കൊല്ലം: ദേവനന്ദയുടെ മരണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷവും ദുരൂഹത ബാക്കി നിൽക്കുന്നതിന് പിന്നാലെ പൊലീസ് നായക്ക് തെറ്റിയോ എന്ന ചോദ്യങ്ങളും ഉയരുന്നു. പൊലീസ് നായ, ഒരു മൃഗമാണെന്നും അതിന് തെറ്റാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയ്ക്കപ്പുറം പരിപാടിയിൽ ജിമ്മി ജെയിംസിന്റെ ചോദ്യത്തിന് റിട്ട എസ്‌പി രാജ്മോഹൻ മറുപടി നൽകി.

ദേവനന്ദയുടെ വീടിന്റെ പുറകുവശത്തുകൂടിയാണ് പൊലീസ് നായ മണം പിടിച്ച് പോയത്. മൂന്നടിയോളം താഴ്ചയിലേക്ക് ഇറങ്ങി പിന്നീട് ആൾത്താമസമില്ലാത്ത അയൽ വീടിന്റെ പറമ്പിലേക്കാണ് നായ പോയത്. അന്നും ഇന്നും പൂട്ടിക്കിടക്കുകയാണ് ഈ വീട്. അതിന്റെ പൂട്ടിയ മതിൽ ചാടിക്കടന്നാണ് നായ റോഡിലേക്ക് കയറിയത്. ഇവിടെ നിന്നും പുഴയിൽ മൃതദേഹം കണ്ടുകിട്ടിയ സ്ഥലത്തേക്ക് 300 മീറ്ററോളം ദൂരമുണ്ട്.

Devananda death questions over Police dog route

ഇതാണ് സംശയം ഉയർത്തുന്നത്. വളരെ കൃത്യമായി വരച്ച വരയിൽ കൂടി നായ പോകുമെന്ന് പറയാനാവില്ലെന്ന് ടികെ രാജ്മോഹൻ പറഞ്ഞു. പ്രധാനമായും കുറ്റകൃത്യം തെളിയിക്കുന്നതിന് സഹായകരമാകുന്ന വിവരം നൽകുന്നതാണ് പൊലീസിന്റെ ജോലി. നായയുടെ മാത്രം എഫർട്ട് കൊണ്ട് കേസ് തെളിഞ്ഞ സംഭവമുണ്ട്. എന്നാൽ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത വഴിയിലൂടെ നായ പോയ സംഭവവും തന്റെ അനുഭവത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചെരിപ്പിടാതിരുന്ന ദേവനന്ദ, ഒറ്റയ്ക്കാണ് ആറ്റിൻകരയിലേക്ക് പോയതെങ്കിൽ കാലിൽ മണ്ണ് പറ്റാനുള്ള സാധ്യതകൾ സംബന്ധിച്ച നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ശാസ്ത്രീയ അടിത്തറ കൂടി വേണമെന്ന് രാജ്മോഹൻ പറഞ്ഞു. എങ്കിൽ മാത്രമേ അത് അന്വേഷണ ഉദ്യോഗസ്ഥർക്ക് പരിഗണിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

ദേവനന്ദയെ കാണാതായി അര മണിക്കൂറിനുള്ളിൽ നാട്ടുകാർ തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ അപ്പോഴൊന്നും കുട്ടിയെ കണ്ടെത്താനാവാതിരുന്നത് സംശയങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. സാധാരണ മുറ്റം വിട്ട് റോഡിലേക്ക് ഇറങ്ങാത്ത കുട്ടി ആറ്റിലേക്ക് ഒറ്റയ്ക്ക് പോയെന്ന് വിശ്വസിക്കാൻ വീട്ടുകാർക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. ചെരിപ്പിടാതെ കുട്ടി പോകില്ലെന്നതടക്കം കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സമർത്ഥിക്കുന്ന വാദങ്ങളും ഉന്നയിക്കുന്നുണ്ട്.

Devananda death questions over Police dog route

സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്താനായില്ലെന്ന് അന്വേഷണ ചുമതല ഉള്ള ചാത്തന്നൂർ എസിപി ജോർജ് കോശി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളതുപോലെ മുങ്ങിമരണമെന്ന നിഗമനത്തിലേക്കാണ് അന്വേഷണവും എത്തുന്നത്. അന്വേഷണത്തിന്റെ തുടർച്ചയായി ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ചു. കേസിൽ 40 ഓളം പേരെ ചോദ്യം ചെയ്തു. കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.കെ.ശശികലയുടെ നേതൃത്വത്തിൽ ഉള്ള ഫോറൻസിക് സംഘം സ്ഥലത്തെത്തി പുഴയുടെ ആഴം അളന്നു. വീടും പുഴയിലേക്കുള്ള വഴിയും വിശദമായി പരിശോധിച്ചു. ഈ ഫോറൻസിക് റിപ്പോർട്ട് കൂടി പരിഗണിച്ചാകും തുടർ അന്വേഷണം.

അതേ സമയം ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്‍റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു.

Devananda death questions over Police dog route

ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഈ മൊഴിയാണിപ്പോൾ അച്ഛൻ മാറ്റിയത്. പൊലീസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 38 പേരുടെ മൊഴിയാണ് പൊലീസിതുവരെ എടുത്തത്.

Follow Us:
Download App:
  • android
  • ios