തുടർച്ചയായി നാലുദിവസം നിലക്കലിലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞിട്ടും അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ബേസ് ക്യാമ്പിൽ ഏർപ്പെടുത്തിയില്ല.
പത്തനംതിട്ട:തുടർച്ചയായി നാലുദിവസം നിലക്കലിലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞിട്ടും ദേവസ്വം ബോർഡിന്‍റെ മെല്ലെ പോക്ക് നയം തുടരുകയാണ്നിലക്കലിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായ പാകപ്പിഴയാണ് ശബരിമല പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള കാരണം. കോവിഡിന് ശേഷം തീർത്ഥാടകരുടെ എണ്ണം കൂടുമെന്ന വിലയിരുത്തൽ ഉണ്ടായിട്ടും അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ബേസ് ക്യാമ്പിൽ ഏർപ്പെടുത്തിയില്ല.
ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ മണിക്കൂറുകളോളം ആണ് കാടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. കൊച്ചുകുട്ടികൾ അടക്കമുള്ളവർ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്നു. ഇലവുങ്കല്‍ ളാഹ റോഡിലും ഇലവുങ്കൽ കണമല റോഡിലും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ്. അതിവേഗത്തിൽ നിലക്കലിലെ പാർക്കിംഗ് ഗ്രൗണ്ട് നിറയുന്നതോടെ പോലീസ് ഏർപ്പെടുത്തിയ ഗതാഗത സംവിധാനങ്ങൾ എല്ലാം താറുമാറായി.
12000 വാഹനങ്ങൾ മാത്രമാണ് നിലക്കലിൽ പാർക്ക് ചെയ്യാൻ കഴിയുന്നത്.. ഒരു ലക്ഷത്തി ഇരുപതിനായിരം തീർത്ഥാടകർ വരെ ബുക്ക് ചെയ്ത് ദർശനത്തിന് എത്തുന്നിടത്താണ് 12000 വാഹനങ്ങൾക്ക് മാത്രം പാർക്ക് ചെയ്യാൻ ബേസ് ക്യാമ്പിൽ സ്ഥലം ഒരുക്കിയത്. ആകെയുള്ള 17 പാർക്കിംഗ് ഗ്രൗണ്ടുകളിൽ പകുതി സ്ഥലവും ഉപയോഗയോഗ്യമല്ല. തുടർച്ചയായി മഴ കൂടി പെയ്യുന്ന സാഹചര്യത്തിൽ പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നു. പാർക്കിംഗ് ഗ്രൗണ്ടിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്വം കരാറുകാരനാണ്. എന്നാൽ പാർക്കിംഗ് ഫീസ് വാങ്ങുന്നതല്ലാതെ മറ്റു ജോലികളിലേക്ക് കരാറുകാർ കടക്കുന്നില്ല. മാത്രമല്ല പാർക്കിംഗ് ഫീസ് അടച്ച് വരുന്ന വാഹനങ്ങൾക്ക് സ്ഥലം കാണിച്ചു കൊടുക്കാൻ പോലും ആളില്ല
.ആദ്യദിവസം ഗതാഗതക്കുണ്ടായതിന് പിന്നാലെ നിലക്കല്ലിൽ പാർക്കിങ്ങിനായി കൂടുതൽ സ്ഥലം ക്രമീകരിക്കുമെന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചത്. പക്ഷേ പ്രഖ്യാപനം വാക്കിൽ ഒതുങ്ങി.മുൻവർഷങ്ങളിൽ പമ്പ കേന്ദ്രീകരിച്ച് ഹിൽടോപ്പ് ചക്കുപാലം ത്രിവേണി തുടങ്ങിയ സ്ഥലങ്ങളിൽ 3000 മുതൽ 5000 വരെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. നിലവിൽ പമ്പയിൽ പാർക്കിംഗ് അനുവദിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ദർശനത്തിനായി സന്നിധാനത്ത് എത്തുന്ന ഭക്തർ വേഗത്തിൽ തിരികെ ഇറങ്ങി നിലക്ക്ലിൽ പാർക്ക് ചെയ്ത വാഹനങ്ങൾ എടുത്തു പോകാത്തത് തിരക്ക് കൂടാൻ കാരണമാണ്.ശബരിമല പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ളാഹ മഞ്ഞത്തോട് പുതുക്കട അട്ടത്തോട് പ്രദേശങ്ങളിൽ താമസിക്കുന്ന പ്രദേശവാസികളും വിദ്യാർത്ഥികളും പ്രതിസന്ധിയിൽ ആയി
