എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട: ശബരിമല അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. പായസത്തോട് കൂടിയുള്ള സദ്യയായിരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 18ന് ബോർഡ് അവലോകന യോഗം ചേരും. ശബരിമലയിലെ ക്രമീകരണങ്ങൾ അവലോകനം ചെയ്തു. ആദ്യ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ തീർത്ഥാടകരുടെ വരവ് നിയന്ത്രണവിധേയമാണ്. പോലീസും ദേവസ്വവും തമ്മിലുള്ള ഏകീകരണം മെച്ചപ്പെട്ടുവെന്നും കെ ജയകുമാർ പറഞ്ഞു. പന്തളത്തെ അന്നദാനത്തെക്കുറിച്ചും പരാതികൾ ഉണ്ടായിരുന്നു. കാലക്രമേണ അതിൻറെ മെനുവിലും മാറ്റം വരുത്തും. അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങണമെങ്കിൽ മാസ്റ്റർ പ്ലാനിലെ പദ്ധതികൾ പ്രാവർത്തികമാകണം. ശബരിമല തീർത്ഥാടനം സുഗമമാക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നും കെ ജയകുമാര്‍ വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന് അടുത്ത വർഷത്തെ തീർത്ഥാടനത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കും. 26ന് മാസ്റ്റർ പ്ലാൻ കമ്മിറ്റിയിൽ ചെല്ലുമ്പോൾ കൃത്യമായി കാര്യങ്ങൾ പറയാൻ വ്യക്തത കൈവരിക്കും. ഈ ബോർഡ് എങ്ങനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും എന്നത് മാത്രമാണ് ഞങ്ങൾ പരിശോധിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റെ കെ ജയകുമാര്‍ വ്യക്തമാക്കി.



