ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് എ. പത്മകുമാറിനെതിരെ പാർട്ടി ഇന്ന് നടപടിയെടുത്തേക്കും. എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി കടുത്ത പ്രതിരോധത്തിലാണ്
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റാരോപിതനായി അറസ്റ്റിലായ പ്രതി പത്മകുമാറിനെതിരെ സിപിഎം ഇന്ന് നടപടിയെടുത്തേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ന് ചേരാനിരിക്കേ, യോഗത്തിൽ പത്മകുമാറിനെതിരെ നടപടി ആവശ്യമുയരും എന്നാണ് കരുതുന്നത്. കേസിൽ എ.പത്മകുമാർ പിടിയിലായ ശേഷം നടക്കുന്ന ആദ്യ ജില്ലാ കമ്മിറ്റി യോഗമാണ് ഇന്നത്തേത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അജണ്ടയാക്കിയുള്ളതാണ് യോഗമെങ്കിലും പത്മകുമാറുമായി ബന്ധപ്പെട്ട വിവാദം കൂടി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. നിലവിൽ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയംഗമാണ് പത്മകുമാർ.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് തെരഞ്ഞെടുപ്പ് കാലത്ത് സമാനതകളില്ലാത്ത സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പത്തനംതിട്ടയിൽ സിപിഎമ്മിൻ്റെ മുതിർന്ന നേതാവായ പത്മകുമാർ ഒരു കാലത്ത് പിണറായി പക്ഷത്തെ ശക്തനായ നേതാവായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തലപ്പത്തിരിക്കെ ഇദ്ദേഹം നടത്തിയ അനധികൃത ഇടപെടലുകളുടെ വിവരങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് അറസ്റ്റുണ്ടായത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന നിലപാടിലായിരുന്നു പത്മകുമാർ. ഇതോടെ പാർട്ടിയിൽ അനഭിമതനായി മാറുകയും ചെയ്തു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് പിണങ്ങിയിറങ്ങിപ്പോയ ഇദ്ദേഹം ഇപ്പോൾ പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദത്തിൽ ഇദ്ദേഹത്തിനെതിരെ ഉടൻ നടപടി വേണമെന്നാണ് ജില്ലയിലെ ഒരു വിഭാഗത്തിൻ്റെ ആവശ്യം. അതേസമയം കുറ്റം തെളിഞ്ഞ ശേഷം നടപടി മതിയെന്ന അഭിപ്രായവും പാർട്ടിക്കകത്തുണ്ട്.


