ക്ഷേത്രത്തിൽ നില നിന്നിരുന്ന നിരവധി ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും മുൻ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.
ദില്ലി: വർഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങൾ, അനുഷ്ടാനങ്ങൾ, പൂജകൾ എന്നിവയിൽ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റർ സുപ്രീംകോടതിയിൽ. ക്ഷേത്രത്തിൽ നില നിന്നിരുന്ന നിരവധി ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും മുൻ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഗുരുവായൂർ ദേവസ്വം നിയമത്തിലെ 10 (ജി) വകുപ്പ് പ്രകാരം ഭക്തർക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ടത് ദേവസ്വത്തിന് നിയമപരമായ കടമയാണ്. ഇതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുവാദത്തോടെ ഏകാദശിയിലെ ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റിയത് എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിലാണ് ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിനെതിരെ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പുഴക്കര ചേന്നാസ് മനയിലെ കുടുംബാങ്ങങ്ങൾ തമ്മിലുള്ള തർക്കമാണ് ഈ ഹർജിക്ക് പിന്നിലെന്ന് ഗുരുവായൂർ ദേവസ്വം ഭരണ സമിതി അഡ്മിനിസ്ട്രേറ്റർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


