ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്. ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. നേരെത്തെ പിടിയിലായ കരാറുകാരൻ എസ് എസ് ബിനുവിൻ്റെ മൊഴിലാണ് പുതിയ അറസ്റ്റ്.

നെയ്യ് ക്രമക്കേടിൽ കരാറുകാരൻ എസ്എസ് ബിനുവിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ട്രാൻസ്പോർട്ട് കരാറുകാരനായ എസ് എസ് ബിനുവും ക്രമക്കേടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. കഴിഞ്ഞ മണ്ഡല- മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചു വിറ്റെന്നാണ് കണ്ടെത്തൽ. ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് പകരം സന്നിധാനത്ത് എത്തിച്ചെന്നും കണ്ടെത്തി. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായെന്നാണ് നിഗമനം.