തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്ര നടയിൽ പരസ്യ ചിത്രീകരണം നടത്തിയ സ്വകാര്യകമ്പനിയ്ക്കും  പരസ്യനിര്‍മ്മാണ കമ്പനിയ്ക്കും സിനിമാ താരത്തിനുമെതിരെ കോടതിയെ സമീപിക്കാൻ ദേവസ്വം ഭരണസമിതി യോഗത്തില്‍ തീരുമാനം. വീഴ്‍ച വരുത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളള ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്താൻ കമ്മീഷനെയും നിയോഗിച്ചു.

ഗുരുവായൂര്‍ ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനി പരസ്യ ചിത്രീകരണം നടത്തിയതും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതും ഏറെ  വിവാദമായിരുന്നു.  ദേവസ്വം ഭരണസമിതി അംഗങ്ങള്‍ തന്നെ പ്രതിഷേധവുമായി എത്തിയോടെ  കമ്പനിയുടെ ഫ്ലക്സുകള്‍ നീക്കം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ഭരണസമിതി അടിയന്തര യോഗം ചേര്‍ന്നത്. ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹൻ ദാസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 

ഭരണസമിതിയോട് കൂടിയാലോചിക്കാതെയാണ് ചെയര്‍മാൻ സ്വകാര്യ കമ്പനിയ്ക്ക് അനുമതി നല്‍കിയതെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഒരു വർഷത്തേയ്ക്ക് ഗുരുവായൂർ ക്ഷേത്ര പരിസരം അണുവിമുക്തമാക്കുന്നതിന് മാത്രമാണ് അനുമതി നല്‍കിയതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. എന്നാല്‍ പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും ചെയര്‍മാൻ അറിയിച്ചു. സ്വകാര്യ കമ്പനി, പരസ്യനിര്‍മ്മാണ കമ്പനി, പരസ്യത്തില്‍ അഭിനയിച്ച സിനിമാതാരം എന്നിവരില്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ യോഗം തീരുമാനിച്ചു. 

അനുമതിയില്ലാതെ പരസ്യചിത്രീകരണം നടത്തിയതില്‍ ആരുടെ ഭാഗത്താണ് വീഴ്ച പറ്റിയതെന്ന് പരിശോധിക്കും. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. ക്ഷേത്രവും പരിസരവും സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യം സ്ഥാപിക്കുന്നതിനായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ ലംഘനമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. ഗുരുതര വീഴ്ച്ച മറയ്ക്കാനാണ് ദേവസ്വം ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതെന്നും ബിജെപി ആരോപിച്ചു.