പഠനത്തിൽ മാത്രമല്ല കലയിലും പാട്ടിലും ഒന്നാം സ്ഥാനക്കാരിയാണ് ദേവിക. ചിത്രം വരച്ചും പാട്ടു പാടിയും ദേവിക നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

വള്ളിക്കുന്ന്: രണ്ടു കൈകളുമില്ലെങ്കിലും ദേവിക പരീക്ഷയെഴുതി, അധികമനുവദിച്ച സമയം ഉപയോഗിക്കാതെ മറ്റുള്ളവർ എഴുതിത്തീർത്ത അതേ സമയത്ത് ഉത്തരക്കടലാസ് കെട്ടിക്കൊടുത്തു. പരീക്ഷാഫലം വന്നപ്പോൾ എല്ലാ വിഷയത്തിലും എ പ്ലസ്. കാലുകളുപയോഗിച്ച് പരീക്ഷയെഴുതിയാണ് മികച്ച വിജയം ഈ മിടുക്കി നേടിയത്.

പഠനത്തിൽ മാത്രമല്ല കലയിലും പാട്ടിലും ഒന്നാം സ്ഥാനക്കാരിയാണ് ദേവിക. ചിത്രം വരച്ചും പാട്ടു പാടിയും ദേവിക നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജന്മനാ തന്നെ ഇരുകൈകളുമില്ലാത്ത ദേവിക കാലുകൊണ്ടെഴുതിയാണ് പഠിച്ചത്. സഹായിയെ വച്ച് പരീക്ഷ എഴുതാൻ അർഹതയുണ്ടായിട്ടും അതുപയോഗിക്കാതെയാണ് മറ്റ് കുട്ടികൾക്കൊപ്പം വള്ളിക്കുന്ന് സിബിഎച്ച്എസ് സ്കൂളിൽ ദേവിക പരീക്ഷ എഴുതിയെഴുതിയത്.

വീട്ടുകാരുടേയും അധ്യാപകരുടേയും പിന്തുണയായിരുന്നു ദേവികയുടെ കരുത്ത്. ഇനി പ്ലസ് വണിന് വള്ളിക്കുന്ന് സിബി ഹയർ സെക്കൻഡറി സ്‌കൂളിൽ തന്നെ പഠിക്കണം. ഡിഗ്രിയും പിജിയും ഉന്നത മാർക്കോടെ വിജയിക്കണം. പിന്നെ സിവിൽ സർവീസ് നേടണം. ദേവികയുടെ സ്വപ്നങ്ങൾക്കൊപ്പം സിവിൽ പൊലീസ് ഓഫീസറായ അച്ഛൻ സജീവും അമ്മ സുജിതയും എപ്പോഴുമുണ്ട്.