Asianet News MalayalamAsianet News Malayalam

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ ഇന്ന് തീരുമാനം: തന്ത്രിയെ വിമർശിച്ച് ദേവസ്വം ബോർഡ് അധ്യക്ഷൻ

ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ രാവിലെ 11 ന് നടക്കുന്ന യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പങ്കെടുക്കും. 

Dewsom board holds meeting to decide devotee entry to sabarimala
Author
Sabarimala, First Published Jun 11, 2020, 7:12 AM IST

പത്തനംതിട്ട: ശബരിമലയില്‍ മാസപൂജക്ക് ഭക്തരെ അനുവദിക്കണമോയെന്ന കാര്യത്തില്‍ ഇന്ന് അന്തിമതീരുമാനമുണ്ടാകും. കോവിഡ് രോഗികള്‍ ഏറുന്ന സാഹചര്യത്തില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു.

ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ രാവിലെ 11 ന് നടക്കുന്ന യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പങ്കെടുക്കും. തന്ത്രിയോട് ആലോചിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ എൻ. വാസു പറയുന്നത്.

തന്ത്രിയുടെ താത്പര്യം ചോദിച്ചറിഞ്ഞ ശേഷമാണ് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. ബോർഡിനോട് കൂടിയാലോചിക്കാതെ തന്ത്രി ഏകപക്ഷീയമായി നിലപാട് മാറ്റുകയും സർക്കാരിനേയും ദേവസ്വം ബോർഡിനേയും പ്രതിസന്ധിയിലാക്കുകയും ചെയ്തതിലുള്ള അതൃപ്തി ദേവസ്വം ബോർഡ് അധ്യക്ഷൻ മറച്ചു വയ്ക്കുന്നില്ല. 
 
ക്ഷേത്രങ്ങൾ  തുറക്കുന്ന കാര്യത്തിൽ  രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞേക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന യോഗത്തിൻ്റെ പശ്ചാത്തലത്തിൽ വെർച്ചൽ ക്യൂ ബുക്കിംഗും തുടങ്ങിയിട്ടില്ല. ഇന്നലെ വൈകിട്ട് തുടങ്ങാനായിരുന്നു തീരുമാനം.

അതേസമയം ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തന്ത്രികുടുംബത്തിൽ അഭിപ്രായ ഐക്യമില്ലായിരുന്നുവെന്നാണ് സൂചന. ക്ഷേത്രം തുറക്കാം എന്ന ദേവസ്വം ബോർഡിൻ്റെ നിലപാടിനെ മുതിർന്ന തന്ത്രി കണ്ഠരര് രാജീവര് പിന്തുണച്ചപ്പോൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആ ഘട്ടത്തിൽ പ്രത്യേകിച്ച് നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാൽ പിന്നീടാണ് അന്യസംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ടുകളിൽ നിന്നടക്കം ഭക്തർ വരുന്ന സാഹചര്യത്തിൽ  ക്ഷേത്രം തുറന്നു കൊടുക്കരുതെന്ന നിലപാട് മഹേഷ് മോഹനര് സ്വീകരിച്ചതെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios