തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം സേനയിലും ബാധകമാക്കാനൊരുങ്ങി സംസ്ഥാന പൊലീസ്. സേഫ് പബ്ലിക്ക് സേഫ് പൊലീസ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങളെ നിയന്ത്രിക്കാൻ നേരിട്ട് ഇടപെടുന്ന പൊലീസിനും കൊവിഡ് സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. 

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകളെ നിയന്ത്രിക്കാൻ പൊലീസ് മുഴുവൻ സമയവും പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ്. വാഹനങ്ങൾക്ക് അടുത്ത് ചെന്ന് ജനങ്ങളോട് സംസാരിക്കുകയും അവരുടെ സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകളുമെല്ലാം പരിശോധിക്കുന്നത് പൊലീസാണ്. രോഗ വ്യാപനത്തിന്‍റെ ഘട്ടത്തിൽ ഇത് വലിയ അപകടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 

റോഡിലിറങ്ങുന്ന യാത്രക്കാരോട് നിശ്ചിത അകലത്തിൽ നിന്ന് സംസാരിച്ചാൽ മതിയെന്നാണ് പൊലീസിന് കിട്ടിയ നിര്‍ദ്ദേശം. മാത്രമല്ല മുഴുവൻ പൊലീസുകാർക്കും ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ എന്നിവ വാങ്ങാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതു ജനത്തെ സ്പർശിക്കുന്നവർ നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കാനാണ് നിർദ്ദേശം. പൊലീസുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് കത്ത് നൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നടപടി. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക